തൊടുപുഴ: ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നുകളുമായി സിനിമ നടനും സുഹൃത്തും അറസ്റ്റിൽ. എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കൽ വീട്ടിൽ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാൽ പെരിമാലിൽ വീട്ടിൽ ജിസ്‌മോൻ (34) എന്നിവരാണ് പിടിയിലായത്. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. സിനിമ-ബിഗ്‌ബോസ് താരാണ് പരീക്കുട്ടി. മൂലമറ്റം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പുള്ളിക്കാനം എസ് വളവിൽ നടന്ന വാഹനപരിശോധനയ്ക്കിടെ ഇവർ കുടുങ്ങുകയായിരുന്നു. പരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെത്തി. ഇതിന് ലക്ഷങ്ങളുടെ വില വരും. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. അതിനാൽ ഏറെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിൽ മത്സരാർഥിയായിരുന്നു.