ഫെംഗൽ: സ്കൂളുകൾക്ക് അവധി, ഉച്ചയ്‌ക്ക് ശേഷം പൊതുഗതാഗതം നിർത്തിവെക്കും, IT കമ്പനികൾക്ക് വർക്ക് ഫ്രം ഹോം; പൊതുജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശം

0

ചെന്നൈ: ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിൽ ജാ​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് തമിഴ്നാട് സർക്കാർ. ശനിയാഴ്ചയോടെ ചുഴലിക്കാറ്റ് തീരംതൊടാനുള്ള സാധ്യത കണക്കിലെടുത്താണ് കർശന നിർദേശങ്ങൾ. ചുഴലിക്കാറ്റ് സമയത്ത് പൊതുജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും തമിഴ്‌നാട് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.

ചെന്നൈ അടക്കം 6 ജില്ലകളിലെ സ്കൂളുകൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്ന കർശന നിർദേശമാണുള്ളത്. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണം. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർ‌ക്കുകളിലും പൊതുജനങ്ങൾക്ക് വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നാളെ നടത്താനിരുന്ന രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ പരിപാടിയും റദ്ദാക്കി. മുൻകരുതലിന്റെ ഭാ​ഗമായി 2,299 ദുരിതാശ്വാസ ക്യാമ്പുകളും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലത്താൽ മണിക്കൂറിൽ 60 മുതൽ 90 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഈസ്റ്റ് കോസ്റ്റ് റോഡിലും പഴയ മഹാബലിപുരം റോഡിലും നവംബർ 30ന് ഉച്ചയ്‌ക്ക് ശേഷം പൊതു​ഗതാ​ഗതം നിർത്തിവെക്കും. യാത്രക്കാർ നിർദേശങ്ങൾ കണക്കിലെടുത്ത് യാത്രകൾ ചെയ്യാൻ ശ്രദ്ധിക്കണം. മദ്രാസ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ നവംബർ 30-ന് നടത്താനിരുന്ന ബിരുദ പരീക്ഷകൾ ഡിസംബർ 14-ലേക്ക് മാറ്റിവച്ചതായും അറിയിച്ചിട്ടുണ്ട്.

Leave a Reply