പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി; സർവീസുകൾ 29 മുതൽ

0

ദുബായ്: പൊതു ഗതാഗതം സുഗമമാക്കാൻ മൂന്നു പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഗ്ലോബൽ വില്ലേജിലേക്കുൾപ്പെടെയുള്ള ഈ സർവീസുകൾ ഈ മാസം 29ന് ആരംഭിക്കും. ദുബായിൽ ബസ് ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മൂന്നു പുതിയ സർവീസുകൾ കൂടി ആരംഭിക്കുന്നത്.

ഗ്ലോബൽ വില്ലേജിനെ സത്വ ബസ് സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിച്ചാണ് 108 നമ്പർ ബസ് സർവീസ് നടത്തുക. വെള്ളി ശനി ഞായർ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും വിശേഷ ദിവസങ്ങളിലുമായിരിക്കും സർവീസ്. ഉച്ചയ്‌ക്ക് 2 മണിമുതൽ പുലർച്ചെ ഒരുമണിവരെ ഒരു മണിക്കൂർ ഇടവിട്ട് ബസ് സർവീസ് ഉണ്ടായിരിക്കും. ദിവസവും ഗ്ലോബൽ വില്ലേജിലേക്കും തിരിച്ചുമായി ആകെ 22 ട്രിപ്പുകൾ. ഗ്ലോബൽ വില്ലേജിലേക്കുള്ള 108 നമ്പർ ബസിനുപുറമെ f63, j 05 എന്നീ റൂട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മെട്രോ ഫീഡർ സർവീസായ f63 അൽ റാസ് മെട്രോ സ്റ്റേഷനെയും യൂണിയൻ മെട്രോസ്റ്റേഷനെയും ബന്ധിപ്പിച്ചു സർവീസ് നടത്തും. മിറാ കമ്മ്യൂണിറ്റിയെയും സ്റ്റുഡിയോസിറ്റിയെയും ബന്ധിപ്പിക്കുന്നതാണ് j05 റൂട്ട്. പൊതു ഗതാഗത സേവനങ്ങൾ ശക്തിപ്പെടുത്തി ടൂറിസം വളർച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ആർടിഎ യുടെ നടപടി. അതേസമയം ദുബായിലെ പ്രധാന മേഖലകളിൽ പുതുതായി 141 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Leave a Reply