തിരുവനന്തപുരം: കണ്ണൂർ കളക്ടർ അരുൺ കെ വിജയന് പിന്തുണ പ്രഖ്യാപിച്ച് ഐഎഎസ് അസോസിയേഷൻ. എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർ അരുൺ കെ വിജയനെ ക്രൂശിക്കരുതെന്നാവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷൻ രംഗത്തെത്തി. നവീന്റെ മരണത്തിൽ കളക്ടർക്കും പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് അസോസിയേഷന്റെ പിന്തുണ.
നവീൻ ബാബുവിന്റെ മരണം ദുഃഖകരമാണെന്നും എന്നാൽ അരുണിനെതിരെയുള്ള വ്യക്തിപരമായ ആക്ഷേപങ്ങൾ ഒഴിവാക്കണമെന്നുമാണ് സംഘടന പറയുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ അരുണിനെതിരെ നടപടിയെടുക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ല. അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും അരുൺ നൽകുന്നുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.
മുൻവിധിയോടെയുള്ള സമീപനങ്ങൾ ഒഴിവാക്കണം. നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർക്ക് പങ്കുണ്ടെങ്കിൽ പൊലീസ് തെളിയിക്കും. അതുവരെ വ്യക്തിപരമായ ആക്ഷേപങ്ങൾ ഒഴിവാക്കണമെന്നും ഐഎഎസ് അസോസിയേഷൻ പറയുന്നു.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറുടെ മൊഴി ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് കുടുംബത്തിന്റെ വാദം. കളക്ടർ ആരെയോ ഭയക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.