അമേരിക്ക വലത്തേയ്‌ക്കോ? 14 സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നേറ്റം;  ഒന്‍പതിടത്ത് കമലാ ഹാരിസ്

0

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പോളിംഗ് അവസാന നിമിഷങ്ങളിലേക്ക് കടക്കവേ ആദ്യ ഫലസൂചനകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് അനുകൂലം. 538 ഇലക്ടറല്‍ വോട്ടുകളില്‍ 177 വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്. കമല ഹാരിസിന് 99 വോട്ടുകളാണ് ലഭിച്ചത്. ഫലം വന്നുതുടങ്ങിയ 14 സംസ്ഥാനങ്ങളില്‍ ട്രംപ് വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒന്‍പതിടത്ത് കമലാ ഹാരിസും ജയിച്ചു. ആറിടത്ത് ട്രംപും അഞ്ചിടത്ത് കമലാ ഹാരിസും ലീഡ് ചെയ്യുന്നു.

ഓക്ലഹോമ, അര്‍കന്‍സാസ്, മിസിസിപ്പി, അലബാമ, ഫ്ളോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് ഡെക്കോട്ട, വ്യോമിംഗ്, സൗത്ത് ഡെക്കോട്ട, ലൗസിയാന എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്. ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് എന്നിവിടങ്ങളിലാണ് കമലയ്ക്ക് വിജയം.

അമേരിക്കയിലെ ആദ്യത്തെ വോട്ട് വടക്കന്‍ ന്യൂഹാംഷെയര്‍ സംസ്ഥാനത്തെ ഡിക്‌സ്വില്‍ നോച്ച് എന്ന ചെറുഗ്രാമത്തിലായിരുന്നു. ഇവിടെ രാവിലെ 10.30ന് തന്നെ (ഈസ്റ്റേണ്‍ സമയം അര്‍ദ്ധരാത്രി) പോളിംഗ് തുടങ്ങി. 12 മിനിറ്റില്‍ ഫലം വന്നു. ആകെയുള്ള ആറ് വോട്ടര്‍മാരില്‍ മൂന്ന് വീതം ട്രംപിനും കമലയ്ക്കും വോട്ട് ചെയ്തു. ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുന്നുവെന്നതിന്റെ സൂചനയാണിത്.

വെര്‍ജീനിയയിലും ജോര്‍ജിയയിലും ലീഡ് പിടിച്ച് ട്രംപ്. കഴിഞ്ഞ തവണ ബൈഡനൊപ്പമായിരുന്നു ഈ രണ്ട് സംസ്ഥാനങ്ങളും. ജോര്‍ജിയയില്‍ ട്രംപ് ജയിച്ചു. നെബ്രാസ്‌കയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ട്രംപ് വിജയം കണ്ടു. ഇലക്ടറല്‍ വോട്ടുകള്‍ വിഭജിക്കുന്ന രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നാണ് നെബ്രാസ്‌ക.

ന്യൂയോര്‍ക്കില്‍ ആധിപത്യം നിലനിര്‍ത്തി ഡെമോക്രാറ്റിക് പാര്‍ട്ടി കമല ഹാരിസിന് വിജയം. ഇതുവരെ ട്രംപ് 10 സംസ്ഥാനങ്ങള്‍ നേടിയപ്പോള്‍ ഹാരിസ് 7 സംസ്ഥാനങ്ങളില്‍ വിജയിച്ചു. റോഡ് ഐലന്‍ഡില്‍ കമലാ ഹാരിസ് വിജയിച്ചു. നാല് ഇലക്ടറല്‍ വോട്ടുകളാണ് കമലക്ക് ഇവിടെ നിന്ന് ലഭിച്ചത്. സംസ്ഥാനത്ത് ഡെമോക്രാറ്റുകളുടെ ആധിപത്യമാണ് കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി കാണുന്നത്. 1984-ല്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനിലൂടെയാണ് അവസാനമായി ഒരു റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോഡ് ഐലന്‍ഡില്‍ വിജയിച്ചത്.

അതേസമയം സൗത്ത് കരോലിന ഇത്തവണയും റിപ്പബ്ലിക്കിനൊപ്പമായിരുന്നു. 1976 മുതല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് നോമിനിക്ക് സൗത്ത് കരോലിന വോട്ട് ചെയ്തിട്ടില്ല. മേരിലാന്‍ഡും അതിലെ 10 ഇലക്ടറല്‍ വോട്ടുകളും സ്വന്തമാക്കി കമല ഹാരിസ്. രാജ്യത്തിന്റെ തലസ്ഥാനത്തോട് ചേര്‍ന്ന് നിരവധി ഫെഡറല്‍ തൊഴിലാളികള്‍ താമസിക്കുന്ന ഒരു ഡെമോക്രാറ്റിക് സംസ്ഥാനമാണ് മേരിലാന്‍ഡ്. സംസ്ഥാനത്ത് ഏകദേശം 30 ശതമാനം കറുത്തവര്‍ഗ്ഗക്കാരുണ്ട്.

ഇന്ത്യാനയില്‍ ട്രംപിന് ജയം. മിസിസിപ്പിയില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചു. സംസ്ഥാനത്തെ ആറ് ഇലക്ടറല്‍ വോട്ടുകള്‍ ട്രംപിന് അനുകൂലമായി. ടെന്നസിയില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചു. റിപ്പബ്ലിക്കന്‍ സ്റ്റേറ്റായ ടെന്നിയിലെ 11 ഇലക്ടറല്‍ വോട്ടുകളും ട്രംപിന് അനുകൂലമായിരുന്നു. നോര്‍ത്ത് കരോലിനയില്‍ ഡെമോക്രാറ്റിന്റെ അറ്റോര്‍ണി ജനറല്‍ ജോഷ് സ്റ്റെയ്ന്‍ വിജയിച്ചു. റിപ്പബ്ലിക്കന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മാര്‍ക്ക് റോബിന്‍സണെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജിം ജസ്റ്റിസ് വെസ്റ്റ് വിര്‍ജീനിയയിലെ സെനറ്റ് സീറ്റില്‍ വിജയത്തിലേക്ക്.

വാഷോ കൗണ്ടിയില്‍ 21,000-ലധികം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. 2020-ലെ 83% പോളിംഗുമായി അടുത്ത് നില്‍ക്കുന്നതാണ് ഇതെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് അഭിപ്രായപ്പെട്ടു. 7,825 രജിസ്റ്റര്‍ ചെയ്ത റിപ്പബ്ലിക്കന്‍മാരും 5,696 രജിസ്റ്റര്‍ ചെയ്ത ഡെമോക്രാറ്റുകളും 11,192 തിരിച്ചറിയപ്പെടാത്ത വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ബാലറ്റ് പ്രിന്ററുകളിലെ സാങ്കേതിക തകരാറുകള്‍ കാരണം അപ്പാച്ചെ കൗണ്ടിയിലെ നിരവധി പോളിംഗ് സ്റ്റേഷനുകളില്‍ പോളിംഗ് തടസപ്പെട്ടതായും റിപ്പോര്‍ട്ടുട്ട്. നിരവധി വോട്ടര്‍മാര്‍ 2 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. കൗണ്ടിയില്‍ പിന്നീട് വോട്ടിംഗ് പുനരാരംഭിച്ചു. കമല ഹാരിസ് 3 ഇലക്ടറല്‍ വോട്ടുകള്‍ നേടി വെര്‍മോണ്ടില്‍ വിജയിച്ചു.

അതേസമയം പൂര്‍ണഫലം വരുന്നത് വരെ കാത്തിരിക്കണം എന്ന് മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ വ്യക്തമാക്കി. 2020 ല്‍ എല്ലാ ബാലറ്റുകളും എണ്ണാന്‍ കുറച്ച് ദിവസമെടുത്തിരുന്നു. ഇന്ന് രാത്രിയും ഫലം അറിയാന്‍ സാധ്യതയില്ല. അതിനാല്‍ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് ഓര്‍ത്ത് അവരെ ബഹുമാനിക്കുക. ഓരോ ബാലറ്റും എണ്ണാന്‍ സമയമെടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply