ആലപ്പുഴ: സംസ്ഥാനത്ത് ഭീതി പടര്‍ത്തിയ കുറുവ സംഘം തിരുട്ടുഗ്രാമത്തിലേക്ക് മടങ്ങിയോയെന്ന് സംശയം. സംഘത്തിലെ ഒരാള്‍ പിടിയിലായതിന് പിന്നാലെ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ സന്തോഷ് സെല്‍വത്തിന്റെ കൂട്ടാളികളായ വേലനെയും പശുപതിയെയുമാണ് തിരിച്ചറിഞ്ഞത്.
അതേസമയം മോഷണത്തിന് ശേഷം ഇവര്‍ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിലേക്ക് കടന്നെന്നാണ് സംശയം. തമിഴ്‌നാട് കാമാക്ഷിപുരം സ്വദേശികളാണ് വേലനും പശുപതിയും. സന്തോഷ് സെല്‍വം പിടിയിലായ ശേഷമാണ് ഇവരെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്. നേരത്തെ പാലായില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ജൂണില്‍ ഇരുവരെയും പൊള്ളാച്ചിയില്‍ നിന്ന് പിടികൂടിയിരുന്നു. സന്തോഷ് സെല്‍വത്തിനൊപ്പമാണ് ഇവര്‍ ജയിലില്‍ കഴിഞ്ഞത്.
ജയിലില്‍ നിന്നിറങ്ങിയ ശേഷം സന്തോഷ് സെല്‍വത്തിനൊപ്പം കൊച്ചിയിലെത്തിയ ഇവര്‍ നഗരം കേന്ദ്രീകരിച്ചാണ് മോഷണം ആസൂത്രണം ചെയ്തത്. ഇതിന് പിന്നാലൊണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത്. 14 പേരുള്ള കുറുവ സംഘത്തിലെ മൂന്ന് പേരെയാണ് പൊലീസ് നിലവില്‍ തിരിച്ചറിഞ്ഞത്. മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്.
കുറുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. അര്‍ധനഗ്‌നരായി, മുഖം മറച്ച്, ശരീരമാസകലം എണ്ണ തേച്ചാണ് ഇവര്‍ മോഷ്ണത്തിന് എത്തുന്നത്. മോഷണം നടത്തുന്നതിനിടയില്‍ ചെറുത്ത് നില്‍ക്കുന്നവരെ കൊല്ലാന്‍ പോലും മടിയില്ലാത്ത സംഘമെന്നാണ് കുറുവകള്‍ അറിയപ്പെടുന്നത്. ആലപ്പുഴയിലെ മോഷണത്തിന് പിന്നില്‍ കുറുവ സംഘമാണെന്നാണ് സ്ഥിരീകരിച്ചതെങ്കിലും എറണാകുളത്തും ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് സംശയം. പറവൂരിലെ വീടുകളില്‍ മോഷണ ശ്രമം നടത്തിയത് കുറുവ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.