ന്യൂഡല്‍ഹി: വായു മലിനീകരണത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ് തുടരുന്നു. നിരത്തുകളില്‍ ദൂരക്കാഴ്ച ലഭിക്കാതിരുന്ന സാഹചര്യം നൂറിലധികം വിമാനങ്ങളുടെ സര്‍വീസുകളെ ബാധിച്ചു. അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അപകടാവസ്ഥയിലെത്തി. ഒന്ന് മുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകള്‍ ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ ഓണ്‍ലൈനാക്കി.
ഞായറാഴ്ച ഡല്‍ഹിയില്‍ വായു ഗുണനിലവാരസൂചിക (എ.ക്യു.ഐ.) 457 കടന്നു. തിങ്കളാഴ്ചയും ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ എല്ലാ സ്റ്റേഷനുകളിലും 400-നുമുകളിലാണ് എ.ക്യു.ഐ. ഡല്‍ഹിയിലെ ബവാന (490), അശോക് വിഹാര്‍ (487), വസീര്‍പുര്‍ (483) എന്നിവിടങ്ങളിലും വായുവിന്റെ ഗുണനിലവാരം ഗുരുതരാവസ്ഥയിലെത്തിയിരുന്നു.
മലിനീകരണ നിയന്ത്രണം ലക്ഷ്യമിട്ടുള്ള കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റിന്റെ കര്‍മപദ്ധതിയുടെ മൂന്നാംഘട്ടമാണ് ഡല്‍ഹിയില്‍ പ്രാബല്യത്തിലുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഖനനപ്രവര്‍ത്തനങ്ങള്‍, ഇലക്ട്രിക്, സി.എന്‍.ജി വാഹനങ്ങള്‍ക്കൊഴികെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്.
കടുത്ത മലിനീകരണത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ വരും ദിവസങ്ങളില്‍ ശ്വാസകോശ രോഗങ്ങള്‍ പെരുകാനുള്ള സാധ്യതയുള്ളതായും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.