ഇംഫാൽ: മണിപ്പൂരിലെ അഞ്ചു ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഏഴു ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുകയും ചെയ്തു, മണിപ്പൂരിൽ ഇടവേളകളില്ലാതെ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കുടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കലാപം ഉണ്ടാക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും സമാധാനം പുനസ്ഥാപിക്കാൻ കർശന നടപടിയെടുക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ സേനക്ക് നിർദ്ദേശം നൽകി.
ഇതിനിടെ, സുരക്ഷാസേനയും അക്രമികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ബിഷ്ണുപുർ ജില്ലയിലെ വനമേഖലയിൽ സുരക്ഷയ്ക്ക് നേരെ ആക്രമികൾ വെടിയുതിർത്തു. സുരക്ഷാസേന തിരിച്ചടിച്ചു. 40 വട്ടം വെടി ഉതിർത്തതായാണ് റിപ്പോർട്ടുകൾ. സംഘർഷം തുടരുന്ന ജിരിബാമിൽ നിന്ന് ഇന്ന് 6 മൃതദേഹങ്ങൾ കണ്ടെത്തി. കൈകുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങൾ നദിയിൽ നിന്നാണ് കണ്ടെത്തിയത്.
അഴുകി തുടങ്ങിയ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊല്ലപ്പെട്ടവർ ആരാണെന്ന് സ്ഥിരീകരിക്കാൻ കഴിയു. മണിപ്പൂരിൽ ഒരു കുടുംബത്തിൽ നിന്ന് ആറുപേരെ വിഘടന വാദികൾ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരുടേതാകാം മൃതദേഹങ്ങൾ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ജിരിബാം ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധമുണ്ടായി.3 എംഎൽഎമാരുടെ വീടുകൾക്ക് നേരെയും ആക്രമണം നടന്നു.