പാലക്കാട്: പാലക്കാട്ട് കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ടെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത്. കുറച്ചുസമയം കഴിയുമ്പോള്‍ അതിന്റെ വിവരം പുറത്തുവരും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വന്നപണം എങ്ങനെ കൈകാര്യം ചെയ്‌തെന്ന് പൊലീസ് പരിശോധിക്കട്ടയെന്നും എന്തോ മറയ്ക്കാനുള്ളതിനാലാണ് യുഡിഎഫ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.
‘പതിവ് തെരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായാണ് പാലക്കാട്ടെ ഹോട്ടലിലും പരിശോധന നടന്നത്. ആ ഹോട്ടലില്‍ താമസിച്ചിരുന്ന സിപിഎമ്മിന്റെ ടിവി രാജേഷ്, നികേഷ് കുമാര്‍ എന്നിവരുടെ മുറികളെല്ലാം പൊലിസ് പരിശോധിച്ചിരുന്നു. അതുപോലെ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയും പരിശോധിച്ചത്.
വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തുമ്പോള്‍ വനിതാ പൊലീസ് ഉള്‍പ്പടെ ഉണ്ടായിരുന്നു. പാലക്കാട് തെരഞ്ഞെടുപ്പിനാണ് കോണ്‍ഗ്രസിന് കളളപ്പണം എത്തിയിട്ടുണ്ട്. അതിന്റെ എല്ലാ വിവരങ്ങളും കുറച്ചുസമയം കഴിയുമ്പോള്‍ വരും. എവിടെ നിന്ന് എങ്ങോട്ട് മാറ്റിയെന്നുളളത് വരാന്‍ പോകുന്നേയുള്ളു. വന്ന പണം എങ്ങനെയാണ് കൈമാറ്റം ചെയ്യപ്പെട്ടത് എന്നതുള്‍പ്പടെ പൊലീസ് പരിശോധിക്കട്ടെ. കള്ളപ്പണത്തിന്റെ എല്ലാവിവരവും കിട്ടിയിട്ടുണ്ട്. ആളെകൂട്ടി ബലപ്രയോഗം നടത്തി കേരളം മുഴുവന്‍ പാലക്കാട്ട് എത്തിച്ചാലും വോട്ട് ചെയ്യേണ്ടത് പാലക്കാട്ടെ ജനങ്ങളാണ്. അവര്‍ എല്‍ഡിഎഫ് സ്വതന്ത്രനെ ജയിപ്പിക്കും. എല്ലാ തെളിവിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.