പണി സിനിമയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട പ്രേക്ഷകനെ ജോജു ജോർജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് ചർച്ചയും വിവാദവുമായിരുന്നു. ഈ വിഷയത്തിൽ ജോജു വീണ്ടും പ്രതികരിച്ചിരിക്കുകയാണ്.
സൗദിയിലെ റിയാദിൽ നടന്ന ചിത്രത്തിൻറെ പ്രൊമോഷണൽ വേദിയിലാണ് ജോജു ഇക്കാര്യം പറഞ്ഞത്. “സിനിമയുടെ റിവ്യൂ പറഞ്ഞതിലല്ല (ആ ഫോൺ കോൾ). ടിക്കറ്റ് എടുത്ത് സിനിമ കണ്ട എല്ലാവരും അഭിപ്രായം പറയണം. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലെന്ന് പറയണം.
പക്ഷേ ഒരു പോസ്റ്റ് ഒരുപാട് സ്ഥലങ്ങളിൽ പ്രചരിപ്പിച്ചു. അതിൻറെ പേരിൽ ഉണ്ടായ കോലാഹലത്തിൽ ഞാൻ ഒരു കോൾ ചെയ്തുപോയി. അത് വിളിക്കരുതായിരുന്നു”, ജോജു ജോർജ് പറയുന്നു.
ആദ്യമായിട്ടാണ് തൻറെ ഒരു സിനിമയ്ക്ക് തിയറ്ററുകളിൽ ഇത്രയും സ്വീകരണം കിട്ടുന്നതെന്നും ജോജു കൂട്ടിച്ചേർത്തു. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാഗർ സൂര്യ, ജുനൈസ് വി പി, ബോബി കുര്യൻ തുടങ്ങിയവരും ജോജുവിനൊപ്പം എത്തിയിരുന്നു.
ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ഒക്ടോബർ 24 നാണ് തിയറ്ററുകളിൽ എത്തിയത്. പ്രേക്ഷകരിൽ നിന്ന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.