ന്യൂഡൽഹി: മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ കനത്ത പരാജയത്തെ കുറിച്ച് അവലോകനം ചെയ്യാൻ സിഡബ്ല്യുസി(പാർട്ടി പ്രവർത്തകസമിതി) യോഗം 29-ന് ചേരും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മോശം പ്രകടനത്തെ കുറിച്ച് ചർച്ച ചെയ്യാനും വിലയിരുത്താനുമാണ് യോഗം ചേരുന്നത്.
ഹരിയാന- മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പുകളിൽ വിജയ പ്രതീക്ഷയിലായിരുന്ന കോൺഗ്രസിന് തെരഞ്ഞെടുപ്പ് ഫലം കടുത്ത നിരാശയാണ് നൽകിയത്. മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് വൻ തിരിച്ചടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്ത് കോൺഗ്രസ് മത്സരിച്ച 103 സീറ്റുകളിൽ ആകെ 16 എണ്ണത്തിൽ മാത്രമാണ് പാർട്ടിക്ക് വിജയിക്കാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 44 സീറ്റുകൾ നേടിയ സ്ഥലത്ത് ഇത്തവണ വൻ തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്.
പ്രതിപക്ഷ നേതാവ് ഇല്ലാത്ത അവസ്ഥയാണ് മഹാരാഷ്‌ട്ര നിയമസഭയിലുള്ളത്. 288 സീറ്റിൽ 29 സീറ്റ് നേടുന്ന പാർട്ടിക്ക് മാത്രമാണ് പ്രതിപക്ഷത്തിന് അർഹതയുള്ളൂ. എന്നാലിവിടെ മഹാവികാസ്, മഹാ അഘാഡി സഖ്യത്തിലെ ഒരു പാർട്ടിയും 29 സീറ്റ് തികച്ചില്ല. മഹായുതി 235 സീറ്റുകളാണ് നേടിയത്. ബിജെപി ഒറ്റയ്‌ക്ക് 132 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേന ഷിൻഡെ വിഭാഗം 57 -ഉം എൻസിപി അജിത് കുമാർ വിഭാഗം 41-ഉം സീറ്റുകളും സ്വന്തമാക്കി.
കോൺഗ്രസിന്റെ പരാജയത്തിൽ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി പാർട്ടിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. പ്രതീക്ഷകൾ നിറവേറ്റാൻ കോൺഗ്രസിന് സാധിച്ചില്ലെനും ആഗ്രഹിച്ച തെരഞ്ഞെടുപ്പ് ഫലം ലഭിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും തൃണമൂൽ നേതാവ് കുറ്റപ്പെടുത്തി. ഇൻഡി സഖ്യം ബിജെപിക്കെതിരെ പോരാടണമെങ്കിൽ കൂടുതൽ ശക്തമാകണമെന്നും കോൺഗ്രസ് എല്ലാ ശ്രമങ്ങളും നടത്തി, പരാജയപ്പെട്ടിരിക്കുകയാണെന്നും കല്യാൺ ബാനർജി വിമർശിച്ചു.