അടുത്ത ബന്ധുക്കള്‍ ആത്മഹത്യയെന്ന് പറഞ്ഞ് പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പള്ളിക്കുന്ന് വുഡ്‌ലാന്റ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിന്റെ മകന്‍ ബിബിന്‍ ബാബു ആണ് കൊല്ലപ്പെട്ടത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് ബിബിന്‍ ബാബുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. തലയിലും ജനനേന്ദ്രിയത്തിലും ഉണ്ടായ മര്‍ദ്ദനമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് ബിബിന്റെ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നുണ്ട്.
കോയമ്പത്തൂരില്‍ ഡ്രൈവറായി ജോലി നോക്കുന്ന ബിബിന്‍ ദീപാവലി അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു. സഹോദരിയുടെ മകളുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങാനിരിക്കെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നത്.