ന്യൂഡൽഹി: ലഡാക്കിലെ തന്ത്രപ്രധാന മേഖലയായ കേല ചുരത്തിലൂടെ ഇരട്ടത്തുരങ്കം നിർമിക്കാനുള്ള സാധ്യതകൾ തേടി കേന്ദ്രസർക്കാർ. ഏഴ് കിലോ മീറ്റർ ദൈർഘ്യം വരുന്ന ടണൽ നിർമാണത്തിന് ഏകദേശം 6,000 കോടി വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ലേയ്‌ക്കും പാങ്കോങ് തടാകത്തിനുമിടയില്‍ യാത്രക്കാരുടേയും സൈനികരുടേയും സഞ്ചാരം സുഗമമാക്കാന്‍ തുരങ്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യാ- ചൈന സംഘര്‍ഷം നിലനിന്നിരുന്ന മേഖലയാണ് പാങ്കോങ്. അതുകൊണ്ടുതന്നെ സൈനിക ആവശ്യങ്ങൾക്ക് പ്രമുഖ്യം നൽകിയാണ് തുരങ്കം ഒരുക്കുക. തന്ത്രപ്രധാന മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ബോർഡർ റോഡ് ഓർഗനൈസേഷനോ ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷനോ നിർമാണ ചുമതല നിർവഹിക്കും.
ലേയെ പാങ്കോങ് തടാകവുമായി ബന്ധിപ്പിക്കുന്ന ചുരമാണ് കേല ചുരം. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഗതാഗത സൗകര്യമുള്ള ചുരം എന്ന സവിശേഷത കൂടി ഇതിനുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 18,600 അടിയാണ് ഇതിന്റെ ഉയരം.
2022-ൽ ലഡാക്ക് ഭരണകൂടം കേല അടക്കം നാല് ചുരങ്ങളിൽ പുതിയ തുരങ്കങ്ങൾ നിർമിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ തുരങ്കങ്ങളുടെ വരവ് ടൂറിസം, ചരക്ക് കൈമാറ്റം, സേന വ്യന്യാസം എന്നിവ സുഗമമാക്കുമെന്നാണ് വിലയിരുത്തൽ.