കോട്ടയം: ടൂറിസം രംഗത്ത് മുതൽക്കൂട്ടാകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ നാലാം പതിപ്പിന്റെ തുടക്കം സംഘർഷഭരിതം. കോട്ടയം താഴത്തങ്ങാടി ആറ്റിൽ നടന്ന സിബിഎൽ മത്സരം അലങ്കോലപ്പെട്ടു. ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ് മടങ്ങിയതിന് പിന്നാലെ മത്സരം തുടങ്ങിയതോടെയാണ് സംഘർഷവും തർക്കവും ഉണ്ടായത്.
കുമരകം ടൗൺ ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ ആറിനു കുറുകെ ഇട്ട് മത്സരം തടസ്സപ്പെടുത്തുകയായിരുന്നു. വളളംകളിയിൽ പങ്കെടുക്കാനെത്തിയ തുഴച്ചിൽകാർക്കുൾപ്പെടെ പൊലീസുകാരുടെ മർദ്ദനമേറ്റു. മണിക്കൂറുകളോളം വള്ളം വട്ടമിട്ട് പ്രതിഷേധിച്ചതിനാലും സമയം വൈകിയതിനാലും വള്ളംകളി ഉപേക്ഷിച്ചതായി അധികൃതർ അറിയിച്ചു.
ഹീറ്റ്‌സിൽ മഴ സമയത്ത് തുഴഞ്ഞതിനാൽ നാലാമതായിട്ടാണ് കുമരകം ടൗൺ ബോട്ട് ക്ലബ്ബിന് ഫിനിഷ് ചെയ്യാനായത്. അതുകൊണ്ടു തന്നെ ഫൈനലിൽ യോഗ്യത നേടാൻ കഴിഞ്ഞില്ല. എന്നാൽ മറ്റു വള്ളങ്ങളെ അര മണിക്കൂറിലേറെ വൈകി മഴ മാറിയതിന് ശേഷമാണ് തുഴയാൻ സമ്മതിച്ചത്. ഇതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.