ന്യൂഡൽഹി: വരുമാന കുതിപ്പിൽ ആപ്പിൾ. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ റെക്കോർഡ‍് വരുമാനമാണ് ആപ്പിൾ നേടിയത്. ഇന്ത്യക്ക് പുറമേ ആഗോളതലത്തിൽ തന്നെ വൻ നേട്ടമാണ് ആപ്പിള് നേടിയത്. ഈ വിജയത്തിൽ ഇന്ത്യയുടെ പങ്കിനെ കുറിച്ച് സിഇഒ ടിം കുക്ക് എടുത്തുപറഞ്ഞു. ഇന്ത്യയിലെ ഐഫോൺ വിൽപന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ സെപ്റ്റംബർ പാദത്തിൽ റെക്കോർഡ് വരുമാനം സൃഷ്ടിക്കാൻ ആപ്പിളിനായി. ഐഫോണിന് പുറമേ ആപ്പിൾ ഐപാഡ‍് വിൽപനയും ഗണ്യമായി വർദ്ധനവ് രേഖപ്പെടുത്തി. രാജ്യത്ത് റീട്ടെയിൽ സാന്നിധ്യം വിപുലീകരിക്കുകയാണെന്നും ബെംഗളൂരു, പൂനെ, മുംബൈ, ഡൽഹി-എൻസിആർ എന്നിവിടങ്ങളിൽ നാല് പുതിയ സ്റ്റോറുകൾ തുറക്കാൻ പദ്ധതിയിടുന്നുവെന്നും സിഇഒ പറഞ്ഞു. നിലവിൽ മുംബൈയിലും ഡൽഹിയിലുമായി രണ്ട് സ്റ്റോറുകളാണ് ആപ്പിളിന് ഇന്ത്യയിലുള്ളത്.
വാൾസ്ട്രീറ്റിന്റെ പ്രവചനങ്ങൾക്കതീതമാണ് ആഗോളതലത്തിൽ ആപ്പിളിന്റെ വരുമാനം. മൊത്തം വിൽപ്പന 6.1 ശതമാനം ഉയർന്ന് 94.9 ബില്യൺ ഡോളറിലെത്തി. വിദഗ്ധരുടെ കണക്കുകൾ പ്രകാരം ഇത് 94.4 ബില്യൺ ഡോളറായിരുന്നു. ചൈനയിൽ ആപ്പിൾ ഇടിവ് നേരിടുകയാണ്. പ്രദേശിക ബ്രാൻഡുകൾ മുളപൊന്തിയതോടെ വരുമാനം 15 ബില്യൺ ഡോളറായി കുറഞ്ഞു.