പ്രഥമ സൂപ്പർലീഗ് കേരള ഫുട്ബോൾ കിരീടം കാലിക്കറ്റ് എഫ് സിക്ക്. ഫോഴ്സ കൊച്ചിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപിച്ചാണ് അവർ കിരീടം ഉയർത്തിയത്. തോയ് സിംഗ് (15–ാം മിനിറ്റ്), മുൻ ബ്ലാസ്റ്റേഴ് താരം കെർവൻസ് ബെൽഫോർട്ട് (70–ാം മിനിറ്റ്) എന്നിവരാണ് കാലിക്കറ്റിനായി വലകുലുക്കിയത്. ഡോറിയെൽട്ടനാണ് അധിക സമയത്ത് കൊച്ചിയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
ജോൺ കെന്നഡിയുടെ പാസിൽ നിന്നാണ് തോസ് സിംഗ് മത്സരത്തിലെ ആദ്യ ഗോൾ കണ്ടെത്തുന്നത്. ആക്രമണം തുടർന്നെങ്കിലും കാലിക്കറ്റിന് ആദ്യ പകുതിയിൽ ലീഡ് ഉയർത്താനായില്ല. ഫോഴ്സ കൊച്ചിയുടെ ഒറ്റപ്പെട്ട ആക്രമണങ്ങൾ പോലുമില്ലാതെയാണ് ആദ്യപകുതി അവസാനിച്ചത്. പന്തടക്കത്തിൽ മുന്നിട്ട് നിന്നെങ്കിലും മുന്നേറ്റങ്ങളുടെ കാര്യത്തിൽ ഫോഴ്സ കൊച്ചി പിന്നോട്ടായിരുന്നു.
രണ്ടാം പകുതിയിലും കാലിക്കറ്റ് ആക്രമണത്തിനാണ് മുൻതൂക്കം നൽകിയത്. 70-ാം മിനിട്ടിൽ ഇതിനുള്ള ഫലവും ലഭിച്ചു. ഫ്രീകിക്കിൽ നിന്നാണ് ഗോളിന് വഴിയൊരുങ്ങിയത്. തളികയിൽ എന്ന പോലെ ബോക്സിനകത്ത് ലഭിച്ച പന്ത് ബെൽഫോർട്ട് ചെസ്റ്റിൽ ഡ്രാപ് ചെയ്ത് ഇടം കാലുകൊണ്ട് അനാസായം വലയിലെത്തിക്കുകയായിരുന്നു. ഇൻജുറിൽ ടൈമിൽ പിറന്ന ആശ്വാസ ഗോളോടെ കൊച്ചിൽ കീഴടങ്ങുകയായിരുന്നു. വിജയികൾക്ക് ഒരു കോടി രൂപയാണ് സമ്മാനത്തുക. റണ്ണേഴ്സ് അപ്പിന് 50 ലക്ഷം രൂപയും ലഭിക്കും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ 35,000 പേരാണ് കളി കാണാനെത്തിയത്. ഫോഴ്സ കൊച്ചി ഉടമ പൃഥ്വി രാജും സ്റ്റേഡിയത്തിലുണ്ടായിരുന്നു.