തിരുവനന്തപുരം: സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള കുടുംബങ്ങൾക്ക് നൽകിവരുന്ന സൗജന്യ കുടിവെള്ളം നിർത്തലാക്കാൻ നീക്കം. വാട്ടർ അതോറിറ്റി അടുത്ത ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനത്ത് 8,69,500 ബി.പി.എൽ ഉപഭോക്താക്കളാണ് ഉള്ളത്. ഓരോ ഉപഭോക്താവിനും 15,000 ലിറ്റർവരെ കുടിവെള്ളമാണ് സൗജന്യമായി നൽകിയിരുന്നത്.
സംസ്ഥാന സർക്കാർ 123.88 കോടി രൂപയാണ് ബോർഡിന് നൽകാനുള്ളത്. കഴിഞ്ഞ 15 വർഷമായി ഈ ഇനത്തിൽ ഒരു രൂപ പോലും സർക്കാരിന് നൽകിയില്ല. കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിലായി വകയിരുത്തിയ 460.61 കോടി രൂപ പോലും നൽകാൻ സർക്കാറിന് സാധിച്ചിട്ടില്ല. പിന്നാലെയാണ് കടുത്ത തീരുമാനവുമായി ബോർഡ് മുന്നോട്ട് പോകുന്നത്.
തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിട്ടി എം.ഡി ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പാവപ്പെട്ടവന്റെ കുടിവെള്ളം മുട്ടിക്കാൻ അന്തിമ തീരുമാനമെടുത്തത്. ഈ വിഭാഗത്തിൽ വരുന്ന പുതിയ അപേക്ഷകളും തടഞ്ഞുവെച്ചിരിക്കുകയാണ്