കൊച്ചി: ഐഎസ്‌എലിൽ എഫ്‌സി ഗോവയോടും തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സീസണിലെ അഞ്ചാം തോൽവി. നാൽപ്പതാം മിനിറ്റിൽ ഗോവയ്‌ക്കായി ബോറിസ് സിംഗാണ് ലക്ഷ്യം കണ്ടത്. അവസാന നിമിഷങ്ങളിൽ തിരികെവരാൻ ശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് ഒപ്പമെത്താനായില്ല. പത്ത് കളിയിൽ 11 പോയിന്റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ടീം. ചെന്നൈയിനെതിരെ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങളാണ് പരിശീലകൻ മിക്കേൽ സ്‌റ്റാറേ വരുത്തിയത്. പ്രതിരോധത്തിൽ സന്ദീപ് സിങ്ങിന് പകരം പ്രീതം കോട്ടലെത്തി. മുന്നേറ്റത്തിൽ കെപി രാഹുൽ ഇറങ്ങി. കോറു സിങ് പുറത്തിരുന്നു. ഗോൾ വലയ്‌ക്ക് മുന്നിൽ സച്ചിൻ സുരേഷ് തുടർന്നു.
കളിയുടെ മൂന്നാം മിനിറ്റിൽ നോഹയ്‌ക്ക് ബോക്‌സിൽവച്ച് കിട്ടിയ അവസരം മുതലാക്കാനായില്ല. രാഹുൽ തൊടുത്ത പാസ് ക്രോസ് ബാറിന് മുകളിലൂടെയാണ് നോഹ പറത്തിയത്. പതിനൊന്നാം മിനിറ്റിൽ വിബിൻ ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് ഗോൾ കീപ്പറുടെ കൈയിലേക്കായി. പിന്നാലെ നോഹയുടെ ഷോട്ട് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. നവോച്ചയുടെ ക്രോസ് ഹൃതിക് പറന്നുപിടിച്ചു. മറുവശത്ത് ഡ്രാസിച്ചിന്റെ അടി വലയ്‌ക്ക് പുറത്തുതട്ടി. കളി പുരോഗമിക്കുംതോറും ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിര ഗോവൻ ബോക്‌സിന് പുറത്ത് തമ്പടിച്ചു. പക്ഷേ, ഗോവൻ പ്രതിരോധം പഴുതുനൽകിയില്ല.
ഇടവേളയ്‌ക്ക് തൊട്ടുമുമ്പ് ഗോവകളിഗതിക്കെതിരായി മുന്നിലെത്തി. വലതുവശത്ത് ബോറിസ് സിങ് നടത്തി മുന്നേറ്റം തടയാൻ പ്രതിരോധത്തിന് കഴിഞ്ഞില്ല. ബോറിസന്റെ ക്രോസ് തടയാൻ സച്ചിൻ സുരേഷ് ചാടിയെങ്കിലും കൈയിൽ തട്ടി വലയിൽ വീണു. ഇടവേള കഴിഞ്ഞുള്ള ആദ്യ മിനിറ്റിൽ മക്‌ഹ്യൂഗ് ബ്ലാസ്‌റ്റേഴ്‌സ് ഗോൾമുഖത്തേക്ക് കുതിച്ചു. ഇക്കുറി സച്ചിൻ സുരേഷ് ഗോവൻതാരത്തിന്റെ അടി കൃത്യമായി തടഞ്ഞു. 57-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് മാറ്റങ്ങൾ വരുത്തി. രാഹുലിന് പകരം കോറു സിങ്. ഹിമിനെസിന് പകരം ക്വാമി പെപ്ര. കോട്ടലിന് പകരം സന്ദീപ് സിങ്.
അറുപതാം മിനിറ്റിൽ തകർപ്പൻ നീക്കത്തിലൂടെ പ്രതീക്ഷയുണർത്തി. പെപ്രയുടെ ഒന്നാന്തരം ക്രോസ് നോഹ ഗോൾമുഖത്തേക്ക് തൊടുത്തു. എന്നാൽ ഗോൾ ലൈനിന് മുമ്പിൽവച്ച് പ്രതിരോധം തട്ടിയറ്റി. പെപ്രയുടെ വലതു വശത്തുനിന്നുള്ള ഷോട്ട് ഗോൾ കീപ്പറുടെ കൈയിൽ തട്ടിത്തെറിച്ചു. അവസാന നിമിഷങ്ങളിൽ കടുത്ത ആക്രമണമാണ് ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. ഗോവൻ പ്രതിരോധത്തെ കീഴടക്കാനായില്ല. കോറുവിന്റെയും ലൂണയുടെ മികച്ച ഷോട്ടുകൾ പ്രതിരോധം തടഞ്ഞു. കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ കിട്ടിയ സുവർണാവസരം സന്ദീപ് സിങ് പുറത്തേക്കടിച്ച് പാഴാക്കിയപ്പോൾ കാണികൾ തലയിൽ കൈവച്ചു.