വയനാട് ദുരിതബാധിതരുടെ പേരിൽ ബിരിയാണി ചലഞ്ച്; 1.2 ലക്ഷം രൂപ തട്ടിയ സിപിഎം നേതാക്കൾക്കെതിരെ കേസ്

0

ആലപ്പുഴ: വയനാട് ദുരിത ബാധിതരുടെ പേരിൽ ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയ സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ കേസ്. കായംകുളം പുതുപ്പള്ളി മുൻ ലോക്കൽ കമ്മറ്റി അംഗം സിബി ശിവരാജൻ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അമൽ രാജ് എന്നിവർക്കെതിരെയാണ് കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളടക്കം ഇവരുടെ ബിരിയാണി ചലഞ്ചിന്റെ നോട്ടീസുകൾ സമൂഹമാദ്ധ്യമങ്ങൾ വഴി ഷെയർ ചെയ്തിരുന്നു. ഒരു ബിരിയാണിക്ക് 100 രൂപ വച്ച് 1200 പൊതി ബിരിയാണികളാണ് ചലഞ്ചിന്റെ പേരിൽ വിറ്റഴിച്ചത്. ഇതുവഴി ലഭിച്ച 1.2 ലക്ഷം രൂപ സർക്കാരിലേക്ക് നൽകാതെ പ്രതികൾ തട്ടിയെടുത്തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

ബിരിയാണി ചലഞ്ചിന് പുറമെ സംഭാവന വാങ്ങിയും പ്രതികൾ പണത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ പേ വഴിയെല്ലാം ഇവർ പണം ശേഖരിച്ചിരുന്നു. തണൽ എന്ന സംഘടനയുടെ പേരിൽ ‘വയനാടിന് ഒരു കൈത്താങ്ങ്’ എന്ന പേരിലാണ് ചലഞ്ച് നടത്തിയത്. സെപ്തംബറിലാണ് ചലഞ്ച് നടത്തിയത്. പ്രതികളുടെ തട്ടിപ്പിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നിർദേശം നൽകിയത്.

Leave a Reply