16 വയസിൽ താഴെയുളള കുട്ടികൾക്ക് സമൂഹമാദ്ധ്യമ ഉപയോഗം വിലക്കി ഓസ്‌ട്രേലിയ

0

മെൽബൺ: 16 വയസിൽ താഴെയുളള കുട്ടികളുടെ സമൂഹമാദ്ധ്യമ ഉപയോഗം വിലക്കി ഓസ്‌ട്രേലിയ. ഇത്തരത്തിൽ വിലക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും മുതൽ ടിക്ക് ടോക്ക് വരെയുളള പ്ലാറ്റ്‌ഫോമുകൾക്ക് വിലക്ക് ബാധകമാകും.

രക്ഷിതാക്കളുടെ അനുമതിയില്ലാതെ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിന് ഫ്രാൻസിലെയും യുഎസിലെയും ചില സംസ്ഥാനങ്ങൾ നേരത്തെ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഫ്‌ളോറിഡയിൽ 14 വയസിൽ താഴെയുളളവർക്ക് സോഷ്യൽ മീഡിയ ഉപയോഗം പൂർണമായി വിലക്കാൻ തീരുമാനിച്ചെങ്കിലും ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിഷയം കോടതിയിലെത്തിയത്.

സ്വകാര്യതയ്‌ക്ക് വേണ്ടി വാദിക്കുന്ന ചിലരും കുട്ടികളുടെ ചില അവകാശ സംരക്ഷണ ഗ്രൂപ്പുകളും വിലക്കിനെ എതിർത്തിരുന്നു. എന്നാൽ സർവെ പ്രകാരം ഓസ്‌ട്രേലിയയിലെ 77 ശതമാനം ആളുകളും നിയന്ത്രണത്തെ അനുകൂലിക്കുകയാണ്. പ്രത്യേക നിയമം പാസാക്കിയാണ് ഓസ്‌ട്രേലിയ നിർണായക നീക്കം നടത്തിയത്. വിലക്ക് ജനുവരി മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും.

യുവാക്കളുടെ മാനസീക ആരോഗ്യത്തിൽ സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനത്തിൽ സമൂഹത്തിൽ ആശങ്ക നിലനിൽക്കുന്നതും ഓസ്‌ട്രേലിയ പരിഗണിച്ചു. നിയമലംഘനം നടത്തിയാൽ 49.5 മില്യൻ ഓസ്‌ട്രേലിയൻ ഡോളർ വരെയാണ് പിഴ ലഭിക്കുക. കുട്ടികളുടെ ലോഗിൻ തടയാനുളള നടപടികൾ കൈക്കൊള്ളേണ്ടത് സമൂഹമാദ്ധ്യമ കമ്പനികളാണ്.

Leave a Reply