സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

0

ഇടുക്കി: പീരുമേട്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കുട്ടികൾ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാർ ബഹളം വച്ചതോടെ ആന യൂക്കാലിത്തോട്ടത്തിലേക്ക് പിൻവാങ്ങി.

കഴിഞ്ഞ ദിവസം വൈകീട്ട് 4.30 ഓടെയാണ് സംഭവം. പീരുമേടിനും കുട്ടിക്കാനത്തിനും ഇടയ്‌ക്കുള്ള മരിയഗിരി സ്കൂളിന് സമീപത്താണ് കാട്ടാനയിറങ്ങിയത്. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ വിട്ട സമയമായതിനാൽ കുട്ടികൾ വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് സംഭവം. ദേശീയ പാത മുറിച്ചു കടന്ന കുട്ടികൾക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട കുട്ടികൾ ഭയന്ന് ഓടിമാറിയതിനാൽ അപകടം ഒഴിവായി.

ഈ സമയം റോഡിലൂടെ നിരവധി വാഹനങ്ങളും കടന്നുപോകുന്നുണ്ടായിരുന്നു. കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാരും സ്കൂൾ അധികൃതരും ബഹളം വച്ചതിനെത്തുടർന്ന് കാട്ടാന സമീപത്തെ ഏലത്തോട്ടത്തിലേക്ക് ഓടിക്കയറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.

Leave a Reply