ആര്‍ഷോയ്ക്കു ഹാജര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി, മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ ആവശ്യം

0

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് പി എം ആര്‍ഷോയ്ക്കു ചട്ടപ്രകാരമുള്ള ഹാജരുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയ എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ പദവിയില്‍നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കും നിവേദനം. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയാണ് നിവേദനം നല്‍കിയത്. ആര്‍ഷോ ദീര്‍ഘനാളായി കോളജില്‍ ഹാജരാകാത്തതുകൊണ്ട് കോളജില്‍നിന്നു പുറത്താക്കുന്നതായി പിതാവിന് നോട്ടിസ് അയച്ച മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ തന്നെ ആര്‍ഷോയ്ക്ക് പരീക്ഷ എഴുതാന്‍ മതിയായ ഹാജരുണ്ടെന്ന റിപ്പോര്‍ട്ട് എംജി സര്‍വകലാശാലയ്ക്കു നല്‍കി. അഞ്ചും ആറും സെമസ്റ്ററില്‍ ആര്‍ഷോയ്ക്ക് മിനിമം ഹാജരില്ലെന്നതിന്റെയും രേഖകള്‍ ഉണ്ടെന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ആരോപിച്ചു.

അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്‌സില്‍ പഠിക്കുന്നവര്‍ക്ക് ആറാം സെമസ്റ്ററില്‍ ബിഎ പാസ്സാകാതെ ഏഴാം സെമസ്റ്റര്‍ എംഎ ക്ലാസ്സില്‍ തുടര്‍ പഠനം നടത്താമെന്നും ആറാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതിയാവുമെന്നും ആര്‍ഷോയെ ന്യായീകരിച്ചുള്ള വിശദീകരണമാണ് പ്രിന്‍സിപ്പല്‍ എംജി രജിസ്ട്രാര്‍ക്ക് നല്‍കിയത്. എന്നാല്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള മിനിമം ഹാജര്‍ ആര്‍ഷോയ്ക്കില്ലെന്ന കാര്യം പ്രിന്‍സിപ്പല്‍ മറച്ചുവെച്ചുവെന്നാണ് ആരോപണം.

എംജി സര്‍വകലാശാലയ്ക്ക് ആര്‍ഷോയുടെ വ്യാജ ഹാജര്‍ റിപ്പോര്‍ട്ട് നല്‍കി കബളിപ്പിച്ച പ്രിന്‍സിപ്പലിനെ പദവിയില്‍നിന്നു നീക്കണം. കോളജില്‍ ഹാജരാകാത്ത ആര്‍ഷോയെ നാലാം സെമസ്റ്റര്‍ മുതല്‍ കോളജില്‍നിന്ന് റോള്‍ ഔട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയിരിക്കുന്നത്

Leave a Reply