എഎപിയില്‍ നിന്ന് രാജിവെച്ച മന്ത്രി കൈലാഷ് ഗഹ്ലോട്ട് ബിജെപിയില്‍

0

ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ഡെല്‍ഹി മന്ത്രി കൈലാഷ് ഗഹ്ലോട്ട് തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ ‘രാഷ്ട്രീയ അഭിലാഷങ്ങള്‍’ ജനങ്ങളോടുള്ള പ്രതിബദ്ധതയെ മറികടന്നതായി ഗഹ്ലോട്ട് ആരോപിച്ചു.

”ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നതിനുപകരം നമ്മള്‍ കൂടുതല്‍ കൂടുതല്‍ പോരാടുന്നത് നമ്മുടെ സ്വന്തം രാഷ്ട്രീയ അജണ്ടയ്ക്കുവേണ്ടി മാത്രമാണ്,” എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് നല്‍കിയ രാജിക്കത്തില്‍ ഗഹ്ലോട്ട് പറഞ്ഞു.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഡെല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറെടുക്കുന്ന സമയത്താണ് ആഭ്യന്തരം, ഭരണപരിഷ്‌കാരങ്ങള്‍, ഐടി, വനിതാ ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മുതിര്‍ന്ന നേതാവായ ഗഹ്ലോട്ടിന്റെ ചുവടു മാറ്റം.

എഎപി മന്ത്രിസഭയില്‍ നിന്ന് രാജി വെക്കുന്ന മൂന്നാമത്തെ അംഗമാണ് ഗഹ്ലോട്ട്. ഏപ്രിലില്‍ സാമൂഹ്യക്ഷേമം, തൊഴില്‍ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി രാജ് കുമാര്‍ ആനന്ദ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. 2022 നവംബറില്‍ പാര്‍ട്ടിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും രാജിവച്ച രാജേന്ദ്ര പാല്‍ ഗൗതമിന് പകരമാണ് ആനന്ദിനെ നിയമിച്ചത്.

കൈലാഷ് ഗഹ്ലോട്ട് സ്വതന്ത്രനാണെന്നും അദ്ദേഹത്തിന് എന്തു വേണമെങ്കിലും ചെയ്യാമെന്നും അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു.

Leave a Reply