ചെന്നൈ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമലാ ഹാരിസിന് വേണ്ടി പൂജ നടത്തി ജന്മനാട്. തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്തുള്ള ഗ്രാമത്തിലാണ് കമലാ ഹാരിസിന്റെ വിജയത്തിനായി പ്രത്യേക പൂജകൾ നടന്നത്. നാടിന്റെ മകൾ തെരഞ്ഞെടുപ്പിൽ വിജയിക്കട്ടെ എന്ന ഫ്ലക്സും ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.
നാല് വർഷം മുമ്പ് 2020-ൽ യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും കമലാ ഹാരിസിന് വേണ്ടി ഗ്രാമത്തിൽ പ്രത്യേക പൂജകൾ നടന്നിരുന്നു. പടക്കം പൊട്ടിച്ചും ഭക്ഷണം വിതരണം ചെയ്തുമാണ് ജന്മനാട് കമലയുടെ വിജയം ആഘോഷമാക്കിയത്. കമലാ ഹാരിസിന്റെ മുത്തച്ഛനായ പി വി ഗോപാൽ ഏറെക്കാലം തുളസേന്ദ്രപുരത്താണ് താമസിച്ചിരുന്നത്.
അടുത്തിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിക്കിടെ തന്റെ മുത്തച്ഛനെ കുറിച്ച് കമലാ ഹാരിസ് പരാമർശിച്ചിരുന്നു. ജനാധിപത്യത്തിന്റെ അർത്ഥവും അത് നിലനിർത്താനും തന്നെ പഠിപ്പിച്ചത് മുത്തച്ഛനാണെന്നും അദ്ദേഹം പകർന്നു നൽകിയ പാഠങ്ങളാണ് പൊതുസേവനത്തോടുള്ള താൽപ്പര്യത്തെ പ്രചോദിപ്പിച്ചതെന്നും കമല പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി കമലാ ഹാരിസും റിപ്പബ്ലിക്കൻ പാർട്ടിയ്‌ക്ക് വേണ്ടി ഡോണൾഡ് ട്രംപുമാണ് ഇന്ന് ജനവിധി തേടുന്നത്. യുഎസിലെ ആദ്യ വനിതാ പ്രസിഡൻ്റായി കമലാ ഹാരിസിനെ ജനങ്ങൾ സ്വാഗതം ചെയ്യുമോ അതോ, ഡോണൾഡ് ട്രംപിന്റെ രണ്ടാം ടേമിന് തിരിതെളിയുമോ എന്നതാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.