പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരിക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ് – രാധാമണി ദമ്പതികളുടെ മകൾ അമ്മു സജീവ് (21) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണു സംഭവം. വീഴ്ചയിൽ പരുക്കേറ്റ വിദ്യാർഥിനിയെ അധ്യാപകരും സഹപാഠികളും പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. കാലിനു സാരമായി പരുക്കേറ്റിരുന്നു. റഫർ ചെയ്യുന്ന കാര്യം വീട്ടുകാരെ അറിയിച്ചപ്പോൾ തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിച്ചെന്നാണു സൂചന. തുടർന്ന് ഐസിയു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. അധ്യാപകരും സഹപാഠികളും ഒപ്പമുണ്ടായിരുന്നു. സഹോദരൻ: അഖിൽ സജീവ്.