ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ നടി കസ്തൂരി പൊലീസിന്റെ വാദങ്ങൾ തള്ളി രംഗത്ത്. ഹൈദരാബാദിലെ ഒരു നിർമ്മാതാവിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് താരം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു. പൊലീസ് സ്റ്റേഷനിൽ നിന്നും ചിത്രീകരിച്ചതെന്ന തരത്തിലുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.
താൻ ഒളിവിൽ പോയിട്ടില്ലെന്നാണ് നടി കസ്തൂരി അവകാശപ്പെടുന്നത്. ഹൈദരാബാദിൽ പോയത് സിനിമ ചിത്രീകരണത്തിനായെന്നും ഹൈദരാബാദിലെ സ്വന്തം വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നും കസ്തൂരി വ്യക്തമാക്കി. തനിക്ക് പേടിയില്ലെന്നും കസ്തൂരി വീഡിയോയിൽ പറയുന്നു.
അതേസമയം, തെലുങ്കർക്കെതിരായ അധിക്ഷേപ പ്രസംഗത്തിൽ കസ്തൂരിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ചെന്നൈ എഗ്മോർ കോടതിയിൽ ഹാജരാക്കിയ കസ്തൂരിയെ 12 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. നേരത്തെ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെ, നീതി പുലരട്ടെ എന്ന് മാധ്യമപ്രവർത്തകരോട് കസ്തൂരി പറഞ്ഞു.
തമിഴ്‌നാട് പൊലീസ് ഹൈദരാബാദിലെ ഒരു നിർമാതാവിന്റെ വീട്ടിൽ നിന്നാണ് ശനിയാഴ്ച വൈകിട്ട് നടിയെ അറസ്റ്റ് ചെയ്തതെന്ന് വാർത്തകൾ ഉണ്ടായിരുന്നു. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം.