ഷിംല: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 36 പേർ മരിച്ചു. അൽമോറയിൽ ഇന്ന് രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്.
ബസ്സിൽ കുട്ടികൾ ഉൾപ്പെടെ 40 ഓളം പേർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 200 മീറ്റർ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) പൊലീസും മാർച്ചുളയിലെ സാൾട്ട് ഏരിയയിലെ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അൽമോറ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പിഞ്ച പറഞ്ഞു.
യാത്രക്കാരിൽ ചിലരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉപ്പു സബ് ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് കുമാർ അറിയിച്ചു. ഗർവാലിൽ നിന്ന് കുമയൂണിലേക്ക് പോകുമ്പോൾ മാർച്ചുല എന്ന സ്ഥലത്തു വെച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ഇനിയും ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. എസ് ഡി ആർ എഫ് സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനും ആവശ്യമെങ്കിൽ എയർ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദേശം നൽകി.
അപകടത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മജിസ്റ്റീരിയൽ തല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായവും നൽകും.