ജെറുസലേം: മധ്യ ഇസ്രയേല്‍ നഗരമായ സിസേറിയയിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് സമീപം രണ്ട് ഫ്‌ളെയര്‍ ബോംബുകള്‍ പതിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
സംഭവത്തില്‍ പങ്കുള്ള മൂന്ന് പ്രതികളെ ഒറ്റരാത്രികൊണ്ടാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ പൊലീസും ഷിന്‍ ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജന്‍സിയും സംയുക്തമായി ചോദ്യം ചെയ്യുകയാണ്.
30 ദിവസത്തേക്ക് അന്വേഷണത്തിന്റെ വിശദാംശങ്ങളോ പ്രതികളുടെ തിരിച്ചറിയല്‍ വിവരങ്ങളോ പ്രസിദ്ധീകരിക്കകരുതെന്ന് കോടതി ഉത്തരവിട്ടു.
ശനിയാഴ്ച വൈകുന്നേരമാണ് സിസേറിയയിലെ നെതന്യാഹുവിന്റെ വസതിക്ക് സമീപം രണ്ട് ഫ്‌ളെയര്‍ ബോംബുകള്‍ പതിച്ചത്. നെതന്യാഹുവോ കുടുംബമോ ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല.
സംഭവത്തിന് പിന്നില്‍ സര്‍ക്കാര്‍ വിരുദ്ധ സമരക്കാരാണെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ അമീര്‍ ഒഹാന ആരോപിച്ചു.
‘സംശയങ്ങള്‍ ശരിയാണെങ്കില്‍, പ്രധാനമന്ത്രിയുടെ വസതിയില്‍ തീപിടുത്തത്തിന് പിന്നില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരാണെങ്കില്‍, അത് വ്യക്തമായി പറയണം: ഇത് പ്രതിഷേധമല്ല, ഇത് തീവ്രവാദമാണ്.’ മുന്‍ യുദ്ധ കാബിനറ്റ് അംഗവും പ്രതിപക്ഷ നേതാവുമായ ബെന്നി ഗാന്റ്‌സ് എക്സില്‍ എഴുതി.