അപകടത്തെ തുടർന്ന് വിളിച്ചിട്ടും 108 ആംബുലൻസ് സേവനം കിട്ടിയില്ല; തലസ്ഥാനത്ത് വാഹനാപകടങ്ങളിൽ രണ്ട് മരണം

0

തിരുവനന്തപുരം: 108 ആംബുലൻസ് സൗകര്യം ലഭ്യമാകാതിരുന്നതോടെ മാറനല്ലൂരിലും ശ്രീകാര്യത്തും വാഹനാപകടങ്ങളിൽ രണ്ട് മരണം. ഇരുചക്രവാഹനം മഴയത്ത് നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തിലാണ് മറനല്ലൂര്‍ സ്വദേശിയായ വിവേക് (23) മരിച്ചത്. ശ്രീകാര്യത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് സ്കൂട്ടര്‍ യാത്രക്കാരനായ സഖറിയയെ ഇടിച്ചിടുകയായിരുന്നു. അപകടമുണ്ടായിട്ടും കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസിന്റെ സേവനം അടക്കം ലഭ്യമാകാതിരുന്നതാണ് രണ്ട് മരണങ്ങൾക്കും കാരണമായതെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും പരാതി.

ജോലി കഴിഞ്ഞ് വരുമ്പോഴാണ് വിവേക് അപകടത്തിൽപ്പെട്ടത്. നിലത്ത് വീണുകിടക്കുന്ന വിവേകിനെ അതുവഴി പോയ വാഹനങ്ങളിലുള്ളവര്‍ ഇറങ്ങി നോക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പൊലീസിൽ വിവരം അറിയിച്ചതല്ലാതെ ആശുപത്രിയിലെത്തിക്കാൻ ആരും ശ്രമിച്ചില്ല. പൊലീസ് ആദ്യം തേടിയത് 108 ആംബുലൻസിന്‍റെ സേവനമായിരുന്നു. കിട്ടാതായപ്പോൾ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസ് എത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സമാനമായ രീതിയിലാണ് ശ്രീകാര്യത്തും അപകടമുണ്ടായത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് പാൽവിൽപ്പനക്കാരനായ സഖറിയയെ ഇടിച്ചിടുകയായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ബസിലുണ്ടായിരുന്ന ഡോക്ടര്‍ പരിശോധിച്ചപ്പോൾ സഖറിയ പ്രതികരിച്ചിരുന്നു. പൊലീസിലിറിച്ചിതിന് പുറമെ ബസ് ജീവനക്കാര്‍ 108 ൽ വിളിച്ചെങ്കിലും സമരമായതിനാൽ സേവനം കിട്ടിയില്ല. തുടര്‍ന്ന് പൊലീസെത്തി സഖറിയയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സമയം വൈകി ജീവൻ നഷ്ടമായി.

സംസ്ഥാനത്ത് 108 ജീവനക്കാര്‍ കഴിഞ്ഞ ഏഴ് ദിവസമായി സമരത്തിലാണ്. ശമ്പളം അടക്കം ആനുകൂല്യങ്ങൾ വൈകുന്നതിലാണ് അനിശ്ചിതകാല പ്രതിഷേധം. അപകടം എവിടെ നടന്നാലും ആദ്യം വിളിയെത്തുന്നത് 108 ലേക്കാണ്. അത്യാഹിത സന്ദര്‍ഭങ്ങളിലെ ഇടപെടലിന് ആംബുലൻസ് സേവനം ലഭിക്കാതെ പോയതാൺ് രണ്ടിടത്തും മരണത്തിന് കാരണമായതെന്നാണ് ആക്ഷേപം.

Leave a Reply