ഷാർജ: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. ന്യൂസിലൻഡിന് എതിരെയാണ് ആദ്യത്തെ മത്സരം. ദുബായ് ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മല്‍സരം ആരംഭിക്കുക.
അഞ്ച് ടീമുകള്‍ ഉള്‍പ്പെട്ട രണ്ട് ഗ്രൂപ്പുകളിലായി 10 രാജ്യങ്ങളാണ് ടി20 ലോകപ്പില്‍ മല്‍സരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യക്ക് പുറമേ ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസിലന്‍ഡ്, പാകിസ്ഥന്‍ എന്നീ രാജ്യങ്ങളാണുള്ളത്. ഞായറാഴ്ച ദുബായ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ വനിതകള്‍ പാക് വനിതകളുമായി മാറ്റുരയ്ക്കും. 9ന് ശ്രീലങ്കയ്ക്കെതിരെയും 13ന് ഓസ്ട്രേലിയയ്ക്കെതിരെയും ഇന്ത്യയ്ക്ക് മത്സരമുണ്ട്.
കന്നി കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. 2020ല്‍ ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും ഓസ്ട്രേലിയയോട് തോൽക്കുകയായിരുന്നു. വയനാട് മാനന്തവാടി സ്വദേശി സജ്ന സജീവന്‍, തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ആശാ ശോഭന എന്നീ മലയാളികള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, പൂജ വസ്ത്രാകര്‍, അരുന്ധതി റെഡ്ഡി, രേണുക സിങ്, ദയാളന്‍ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജന സജീവന്‍.