നടക്കുന്നത് സാധാരണ കാര്യം’; അജിത് കുമാറിനെതിരായ നടപടിയില്‍ ചര്‍ച്ചയെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

0

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ നടപടിയില്‍ ചര്‍ച്ച നടക്കുന്നുവെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി ഓഫീസില്‍ പേഴ്‌സണല്‍ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും അടക്കമുള്ളവര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തുന്നതും ദൈനംദിന ഓഫീസ് നിര്‍വഹണത്തിന്റെ ഭാഗമാണെന്ന് ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും ഇക്കാര്യങ്ങള്‍ നടക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. അതിനെയാണ് മാധ്യമങ്ങളും പ്രതിപക്ഷവും മുഖ്യമന്ത്രിയുടെ വസതിയില്‍ എന്തോ പ്രത്യേക കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചുവെന്ന നിലയില്‍ വളച്ചൊടിച്ചത്. ഇത്തരത്തില്‍ വാര്‍ത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാര്‍മികതയ്‌ക്കോ മര്യാദയ്‌ക്കോ നിരക്കുന്നതല്ല. വാര്‍ത്തകള്‍ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള നിരുത്തരവാദപരമായ ശ്രമങ്ങള്‍ മാധ്യമങ്ങളുടെ വിശ്വാസതയെ തന്നെ തകര്‍ക്കുന്നതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഷേയ്ഖ് ദര്‍വേഷ് സാഹിബ് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗം വിളിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ എത്തിയത് വിഷയം ചര്‍ച്ച ചെയ്യാനാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്.

Leave a Reply