എന്ത് പ്രഹസനമാണ് സഖാവേ? കസേര മാറ്റിയിരുത്തി ആരെയാണ് പറ്റിക്കുന്നത്? മടിയിൽ നല്ല കനമുണ്ടെന്ന് വ്യക്തം: വി. മുരളീധരൻ

0

തിരുവനന്തപുരം: ഫോൺ ചോർത്തൽ, പൂരംകലക്കൽ, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന എഡിജിപിയെ തൊടാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. അഞ്ച് ആഴ്ചത്തെ വിവാദങ്ങൾക്ക് ശേഷം അജിത് കുമാറിന്റെ കാര്യത്തിലുണ്ടായത് കേവലം ഭരണപരമായ അഡ്ജസ്റ്റ്മെൻ്റ് മാത്രമാണ്. നാല് വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കസേര മാറ്റിയിരുത്തി പിണറായി വിജയൻ മാതൃകയായെന്നും വി.മുരളീധരൻ പരിഹസിച്ചു.

പുസ്തകമെഴുതിയ ഡിജിപി ജേക്കബ് തോമസിനെ രണ്ടര വർഷം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് നിർത്തിയ അതേ പിണറായി വിജയനാണ് അജിത് കുമാറിന്റെ യൂണിഫോം സംരക്ഷിക്കുന്നത്. പിണറായി വിജയനും കൂട്ടരും പ്രഹസനം അവസാനിപ്പിക്കണമെന്നും പൊതുജനം കഴുതയല്ലെന്നും അദ്ദേഹം പറഞ്ഞു.

രാത്രി എം.എൻ സ്മാരകത്തിൽ വന്ന് കാത്തിരുന്ന ബിനോയ് വിശ്വം ഇന്ത്യൻ രാഷ്‌ട്രീയത്തിലെ മാതൃകയെന്ന് പിണറായിയെ പാടിപ്പുകഴ്‌ത്തി. നിയമസഭയിൽ വി.ഡി സതീശനും നാളെ നിങ്ങൾക്ക് കയ്യടിച്ചേക്കും. എന്നാൽ പിണറായി വിജയന്റെ മടിയിൽ നല്ല കനമുണ്ടെന്ന് ഇതോടെ വ്യക്തമായെന്ന് വി. മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Reply