വാർഡ് പുനർവിഭജനം; തിരുവനന്തപുരത്ത് സമയപരിധി അവസാനിച്ചിട്ടും കോർപ്പറേഷന്റെ കളളക്കളിയെന്ന് ബിജെപി

0

തിരുവനന്തപുരം: തദ്ദേശ വാർഡുകൾ പുനർവിഭജിക്കാനുളള സമയപരിധി അവസാനിച്ചിട്ടും തിരുവനന്തപുരം കോർപ്പേറഷനിൽ പാർട്ടി അനുകൂലികളായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കളളക്കളി നടത്തുന്നതായി ബിജെപി. നെട്ടയം ഭാഗത്ത് ഉൾപ്പെടെ ഒരു വിഭാഗം ഉദ്യോഗസ്ഥരുമായി ചേർന്ന് ഇത്തരം പ്രവർത്തനങ്ങൾ സിപിഎം നടത്തുകയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎം മാത്രം വിജയിച്ചാൽ മതിയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനമെന്നും ബിജെപി ആരോപിച്ചു.

ഡീലിമിറ്റേഷൻ കമ്മീഷൻ അനുവദിച്ച സമയപരിധി 25 ന് അവസാനിച്ചതായി ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനും കോർപ്പറേഷൻ കൗൺസിലറുമായ അഡ്വ. വി. വി രാജേഷ് പറഞ്ഞു. ആദ്യം നടപടികൾ പൂർത്തിയാക്കാൻ 21 വരെയാണ് സമയം അനുവദിച്ചത്. പിന്നീട് 25 വരെ നീട്ടി. വാർഡ് വിഭജനത്തിൽ ഒന്നാം ഘട്ടം പൂർത്തിയായെന്നും ഡിജിറ്റൽ ഭൂപടം തയ്യാറാണെന്നും ഡീലിമിറ്റേഷൻ കമ്മീഷൻ പത്രവാർത്തകളും നൽകി.

ഇതിന് ശേഷവും സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ പാർട്ടി അനുകൂലികളായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വാർഡ് അതിരുകൾ മാറ്റുകയാണെന്ന് ബിജെപി ആരോപിച്ചു. ബിജെപി അത് അംഗീകരിക്കില്ല. സംഭവത്തിൽ പരാതി അയച്ചതായും ജില്ലാ അദ്ധ്യക്ഷൻ പറഞ്ഞു.

25 ന് വൈകിട്ട് വരെ ഓൺലൈനിൽ സബ്മിറ്റ് ചെയ്യാത്ത ഒരു രേഖയും തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് സ്വീകരിക്കരുതെന്നും ഡീലിമിറ്റേഷൻ പൂർത്തിയാകാനുണ്ടെങ്കിൽ ജില്ലാ കളക്ടറോ ഡീലിമിറ്റേഷൻ കമ്മീഷനോ തെരഞ്ഞെടുപ്പ് കമ്മീഷനോ നേരിട്ടുളള നിയന്ത്രണത്തിലൂടെ വേണം ആ പ്രക്രിയ പൂർത്തിയാക്കേണ്ടതെന്നും വിവി രാജേഷ് ആവശ്യപ്പെട്ടു.

വ്യത്യാസം വരുത്തണമെങ്കിൽ ജില്ലാ കളക്ടറോ ഡീലിമിറ്റേഷൻ കമ്മീഷനോ നേരിട്ട് ഇടപെട്ട് നിഷ്പക്ഷരായ ഉദ്യോഗസ്ഥരെക്കൊണ്ട് ചെയ്യിപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സിപിഎം നയിക്കുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനങ്ങളിലും സഹകരിക്കാൻ ബിജെപി തയ്യാറല്ലെന്നും അഡ്വ. വിവി രാജേഷ് പറഞ്ഞു.

Leave a Reply