ബെംഗളൂരു: കര്‍ണ്ണാടകയിലും വഖഫ് അവകാശവാദം. വിജയപുര ജില്ലയിലെ ഹോന്‍വാഡ ഗ്രാമത്തില്‍ 1200 ഏക്കര്‍ കൃഷി ഭൂമിക്കാണ് വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചിരിക്കുന്നത്. വഖഫിന്റെ കയ്യേറ്റ നീക്കത്തില്‍ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിന്തുണയിലാണ് വഖഫ് അതിക്രമമെന്ന് ബിജെപി നേതാവും എംപിയുമായ തേജസ്വി സൂര്യ വിമര്‍ശിച്ചു.
ഹോന്‍വാഡയിലെ കര്‍ഷകര്‍ കരമടക്കുന്ന സ്വത്തിനാണ് കര്‍ണ്ണാടക വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 1200 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ എത്രയും വേഗം വഖഫ് ബോര്‍ഡിന് സമര്‍പ്പിക്കണം എന്ന നോട്ടീസും കര്‍ഷകര്‍ക്ക് ലഭിച്ചു. 41 കര്‍ഷകര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രിയും വഖഫ് നേതൃത്വം തമ്മില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഇത്തരം നീക്കമുണ്ടായതെന്നും കര്‍ഷകര്‍ ആരോപിച്ചു.