കണ്ണൂർ: വന്ദേഭാരത് ട്രെയിൻ കടന്നുവരുമ്പോൾ റെയിൽവേ ട്രാക്കിൽ വാഹനം കയറി. ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലിൽ തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്. നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച ഹിറ്റാച്ചി പയ്യന്നൂരിൽ വച്ച് ട്രാക്കിൽ കയറുകയായിരുന്നു. ഇത് ദൂരെ നിന്നുതന്നെ ലോക്കോ പൈലറ്റ് കാണുകയും സഡൻ ബ്രേക്ക് ഇടുകയും ചെയ്തതിനാൽ അപകടം ഒഴിവായി.
തിരുവനന്തപുരത്ത് നിന്ന് കാസർകോടേയ്‌ക്ക് പോയ വന്ദേഭാരത് ട്രെയിനാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്‌ക്ക് 12.30ഓടെയായിരുന്നു സംഭവം. കോൺക്രീറ്റ് മിക്സിംഗ് യന്ത്രമടങ്ങിയ ഹിറ്റാച്ചിയായിരുന്നു ട്രാക്കിൽ കയറി അപകടഭീഷണി ഉയർത്തിയത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ നിർമാണ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന വാഹനമാണിതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് അശ്രദ്ധമായി ഹിറ്റാച്ചി പ്രവർത്തിപ്പിച്ച ഓപ്പറേറ്റർക്കെതിരെ കേസെടുത്തു.