ഇസ്ലാമാബാദ്: വിവാദമായ തോഷഖാന അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീവിക്ക് ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ബുഷ്റയ്‌ക്ക് ജാമ്യം അനുവദിച്ചത്. കർശന സുരക്ഷയോടെയാണ് ബുഷ്റ ബീവിയെ റാവൽപിണ്ടിയിലെ ജയിലിൽ നിന്ന് വിട്ടയച്ചത്.
പത്ത് ലക്ഷം രൂപയുടെ ജാമ്യത്തുകയിലാണ് ബുഷ്റയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഭർത്താവ് ഇമ്രാൻ ഖാൻ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ബുഷ്റയാകും ഇനി തെഹ്രീക്-ഐ-ഇൻസാഫ് പാർട്ടിയുടെ തലപ്പത്ത് സുപ്രധാന പങ്ക് വഹിക്കുക. ജയിൽ മോചിത ആയതിന് പിന്നാലെ ബുഷ്റ ബനിഗാലയിലെ വസതിയിലെത്തി പിടിഐ നേതാക്കളുമായി ചർച്ച നടത്തി.
2018 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ പ്രധാനമന്ത്രി പദവി ദുരുപയോഗം ചെയ്ത് ഇമ്രാൻഖാനും ഭാര്യയും അഴിമതി നടത്തിയതിനാണ് ഇരുവരെയും അഴിക്കുള്ളിലായത്. 14 വർഷത്തെ തടവും 787 ദശലക്ഷം പാകിസ്താൻ രൂപയുമായിരുന്നു വിധിച്ചിരുന്നത്. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ സ്വന്തം നിലയ്‌ക്ക് വിറ്റ് പണമാക്കി എന്നതാണ് ഇമ്രാന്റെ പേരിലുള്ള കേസ്.
1974-ൽ സ്ഥാപിതമായ തോഷഖാന വകുപ്പാണ് ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കും ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് വിലകൂടിയ വസ്തുക്കളും സംഭരിക്കുന്നത്. ഭരണാധികാരികൾ, നിയമ നിർമാണ സഭാംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് വിദേശ രാജ്യങ്ങളുടെ തലവന്മാർ, ഗവൺമെന്റുകൾ, അന്തർദേശീയ പ്രമുഖർ എന്നിവർ നൽകുന്ന മൂല്യമേറിയ സമ്മാനങ്ങൾ തോഷഖാന വകുപ്പാണ് സൂക്ഷിക്കുന്നത്. ഇതിൽ ഇളവുള്ളത് പാക് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മാത്രമാണ്. 30,000 പാകിസ്താനി രൂപയ്‌ക്ക് താഴെ വിലയുള്ള സമ്മാനങ്ങൾ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സൂക്ഷിക്കാൻ കഴിയും. എന്നാൽ തോഷ്ഖാനയിൽ നിന്ന് 2.15 കോടി രൂപയ്‌ക്ക് വാങ്ങിയ സമ്മാനങ്ങൾ ഇമ്രാൻ ഖാൻ ഏകദേശം 5.8 കോടി രൂപയ്‌ക്ക് വിറ്റഴിക്കുകയായിരുന്നു.