‘രാഷ്ട്രീയ നാടകം വേണ്ട’; തിരുപ്പതി ലഡു വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി

0

ന്യൂഡല്‍ഹി: തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡു തയാറാക്കുന്നതിന് മൃഗക്കൊഴുപ്പു ചേര്‍ന്ന നെയ്യ് ഉപയോഗിച്ചെന്ന വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി. സിബിഐയില്‍ നിന്നുള്ള രണ്ടു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ആന്ധ്ര പൊലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയില്‍നിന്നുള്ള സീനിയര്‍ ഓഫിസറും സംഘത്തിലുണ്ടാവും.

നിലവില്‍ ആന്ധ്ര സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കട്ടെയെന്ന്, കേസ് പരിഗണിച്ചപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിര്‍ദേശിച്ചു. ആരോപണത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടെങ്കില്‍ അത് അനുവദിക്കാനാവാത്തതാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു.

തിരുപ്പതി ലഡു വിവാദം രാഷ്ട്രീയ നാടകമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയപ്പോരിന് കോടതിയെ കളമാക്കുന്നത് അനുവദിക്കാനാവില്ലെന്ന്, ജസ്റ്റിസ് ബിആര്‍ ഗവായിയും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി ലഡു ഉണ്ടാക്കിയതെന്ന്, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു പ്രസ്താവന നടത്തിയതെന്ന് സുപ്രീം കോടതി നേരത്തെ വാദം കേള്‍ക്കലിനിടെ ആരാഞ്ഞിരുന്നു. ദൈവങ്ങളെയെങ്കിലും രാഷ്ട്രീയപ്പോരില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, വിഷയത്തില്‍ ചന്ദ്രബാബു നായിഡുവിനു നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.

Leave a Reply