തൃശ്ശൂര്‍ പൂരം കലക്കിയത് ആര്‍എസ്എസ്; ഉദ്യോഗസ്ഥ വീഴ്ച സമ്മതിച്ച് എം വി ഗോവിന്ദന്‍

0

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചത് ആര്‍എസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ സമ്മതിച്ചു. എഡിജിപി എംആര്‍ അജിത് കുമാര്‍ -ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കില്‍ കര്‍ക്കശമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വയനാട് ദുരന്തത്തില്‍ കേരളത്തിന് ആവശ്യമായ സഹായധനം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായി. കേന്ദ്രത്തിന് കേരള വിരുദ്ധ നിലപാടാണുളളതെന്ന് ചൂണ്ടിക്കാട്ടിയ എംവി ഗോവിന്ദന്‍ കേരളത്തിനുളള സഹായം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.

ഇന്ത്യയിലെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അഴിമതി വിമുക്തമായ പൊലീസ് സംവിധാനം വേണമെന്നാണ് കേരളം ആഗ്രഹിക്കുന്നതെന്നും കുറ്റാന്വേഷണത്തില്‍ കേരളാ പൊലീസ് മുന്നില്‍ നില്‍ക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരിന് പി ആര്‍ സംവിധാനമില്ല. ഹിന്ദു പത്രം ഖേദം പ്രകടിപ്പിച്ചപ്പോള്‍ വിവാദം അവസാനിപ്പിക്കേണ്ടതായിരുന്നു. ദേവകുമാറിന്റെ മകനുമായി എല്ലാവര്‍ക്കും ബന്ധമുണ്ട്. ആ ബന്ധം കൊണ്ടാണ് അഭിമുഖം ചെയ്തതെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ചിരിയെച്ചൊല്ലിയും പരിഹാസമാണെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. മുമ്പ് പിണറായി ചിരിക്കുന്നില്ല എന്നായിരുന്നു. ഇപ്പോള്‍ എന്തൊരു ചിരിയാണിത് എന്നാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.

Leave a Reply