തൃശൂര്‍ പൂരം, വീഴ്ചകള്‍ അക്കമിട്ടു നിരത്തി പ്രതിപക്ഷം

0

തൃശൂര്‍ പൂരം കലക്കലില്‍ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച തുടങ്ങി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയത്. പൂരം നടത്തിപ്പിലെ എട്ട് വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂര്‍ പ്രമേയമവതരിപ്പിച്ചത്. പൂര ദിവസം ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് നടന്നപ്പോള്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ കുത്തിനിറച്ചിരുന്നു എന്നും ചൂണ്ടിക്കാട്ടി. ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണ ജനത്തെ ശത്രുവിനെ പോലെ കാണുകയും അവരെ കൈകാര്യം ചെയ്യുകയും ചെയ്തു.


ഒരു അനുഭവ പരിചയവുമില്ലാത്ത ആളെ കമ്മീഷണര്‍ ആയി വച്ചതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു. അങ്കിത് അശോകന്‍ ജൂനിയര്‍ ഓഫീസറെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം സ്വന്തം താല്പര്യ പ്രകാരം അങ്കിത് അശോകന്‍ ഇത് ചെയ്തു എന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ കേരളത്തിലുള്ളവര്‍ എന്നും ചോദിച്ചു. സീനിയര്‍ ഉദ്യോഗസ്ഥന്‍ സ്ഥലത്തു ഉണ്ടായിരുന്നു . എന്നിട്ടും എല്ലാം അങ്കിത് അശോകന്റെ തലയില്‍ വെച്ചു. – തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
അജിത്കുമാറിന് ഹിഡന്‍ അജണ്ട ഉണ്ടായിരുന്നുവെന്ന ആരോപണവും ഉന്നയിച്ചു. രണ്ടു മന്ത്രിമാര്‍ പൂരം നടത്തിപ്പിനുണ്ടായിരുന്നു.അവര്‍ക്ക് പൂരം കലക്കിയപ്പോള്‍ സംഭവ സ്ഥലത്തു എത്താന്‍ കഴിഞ്ഞില്ല. മന്ത്രി കെ. രാജന്‍, മന്ത്രി ബിന്ദു എന്നിവര്‍ക്ക് പൂരം കലങ്ങിയപ്പോള്‍ സ്ഥലത്തേക്ക് എത്താന്‍ പോലും കഴിഞ്ഞില്ല. പക്ഷേ സുരേഷ് ഗോപിയെ ആംബുലന്‍സില്‍ എത്തിച്ചു. സുരേഷ് ഗോപിയെ രക്ഷകന്‍ എന്നു വരുത്തി തീര്‍ത്തു – തിരുവഞ്ചൂര്‍ വിമര്‍ശിച്ചു. പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ മറുപടി പറഞ്ഞു. പൂരം കലക്കിയത് ഗൂഡലോചനയുടെ ഭാഗമായെന്ന് വ്യക്തമാക്കിയ അദ്ദേഹം അത് സര്‍ക്കാര്‍ അന്വേഷിച്ചു വരികയാണെന്നും പ്രത്യേക അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. അതില്‍ പെട്ടു പോകാന്‍ ഇടയുള്ള ആളുകളെ സംരക്ഷിക്കാന്‍ വേണ്ടിയാണു ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പ്രതിപക്ഷത്തിനെതിരെ ആരോപിച്ചു. യുഡിഎഫ്ഭരിക്കുന്ന സമയത്താണ് ക്ഷേത്രോത്സവങ്ങള്‍ അലങ്കോലമായതെന്ന് കടകംപള്ളി ആരോപിച്ചു. യു ഡി എഫ് ഭരിക്കുമ്പോള്‍ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ വെടി വെപ്പ് നടന്നത് കിരാത നടപടിയായിരുന്നുവെന്ന് ഓര്‍മിപ്പിച്ചു. സര്‍ക്കാരിനെ അധിക്ഷേപിക്കുകയാണ് പ്രതിപക്ഷ ലക്ഷ്യം. അതിനാണ് തൃശൂര്‍ പൂരം ചര്‍ച്ചയ്ക്ക് എടുക്കുന്നത് – അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും എഴുതി നല്‍കിയത് എല്ലാം കടകംപള്ളിക്കു പറയാന്‍ സ്പീക്കര്‍ അവസരം നല്‍കിയെന്ന് അനില്‍കുമാര്‍ എംഎല്‍എ ചര്‍ച്ചയില്‍ വിമര്‍ശിച്ചു. കടകംപള്ളി വായിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് എഴുതി കൊടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള പുരാണമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ വിശ്വസിക്കുന്ന ഒരു പൂരം കലക്കിയെന്നു ഇടതുമുന്നണിയിലെ ഘടകകക്ഷി തന്നെ പറഞ്ഞു. എഡിജിപിയെ സ്ഥലം മാറ്റിയത് എന്തിനാണെന്ന് പറയണം. ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ആണോ? അന്‍വറിന്റെ ആരോപണങ്ങള്‍ ആണോ? അതോ പൂരം കലക്കിയതിനു ആണോ? സര്‍ക്കാര്‍ മറുപടി പറയണം. അനില്‍ കുമാര്‍ വ്യക്തമാക്കി.

Leave a Reply