ന്യൂഡൽഹി: ജമ്മുകശ്മീരിലെ കാലിഗ്രാഫി ആർട്ടിസ്റ്റായ ഫിർദൗസ ബാഷിർ എന്ന മിടുക്കിയെക്കുറിച്ച് മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അറബിക് കാലിഗ്രാഫി എഴുത്തിൽ പ്രാവീണ്യം നേടിയ ഫിർദൗസയെ രാജ്യത്തെ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയായിരുന്നു പ്രധാനമന്ത്രി.
“നമ്മുടെ സ്‌കൂൾ കുട്ടികളിൽ പലരും കാലിഗ്രാഫിയിൽ വളരെയധികം താത്പര്യമുള്ളവരാണ്. കാലിഗ്രാഫി ശീലമാക്കുന്നതിലൂടെ നമ്മുടെ കൈയക്ഷരം കൂടുതൽ മനോഹരവും ആകർഷകവുമാകും. ജമ്മു കശ്മീരിൽ കാലിഗ്രാഫി എഴുത്ത് വ്യാപകമായി കണ്ടുവരുന്ന ഒന്നാണ്. ഇതുവഴി അവരുടെ പ്രാദേശിക സംസ്‌കാരം കൂടുതൽ ജനകീയമാവുന്നു. കശ്മീരിലെ ഫിർദൗസ ബഷീർ കാലിഗ്രാഫിയിൽ വളരെയധികം പ്രാവീണ്യമുള്ള പെൺകുട്ടിയാണ്. പ്രാദേശിക സംസ്കാരത്തിന്റെ വിവിധ വശങ്ങളാണ് അവളിലൂടെ ലോകം കാണുന്നത്.
പ്രദേശവാസികളുടെ, പ്രത്യേകിച്ച് യുവാക്കളുടെ ശ്രദ്ധ ആകർഷിക്കാൻ ഫിർദൗസയുടെ കാലിഗ്രാഫി കലാവിരുതിന് കഴിഞ്ഞിട്ടുണ്ട്. സമാനമായ ചുവടുവയ്പ്പാണ് ഉദ്ദംപൂരിലെ ഗോരിനാഥും ചെയ്തിരിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു സാരംഗി ഉപയോഗിച്ച് ദോഗ്ര സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വിവിധ വശങ്ങൾ അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. സാരംഗിയുടെ താളങ്ങളിലൂടെ പുരാതന കഥകളും സംസ്കാരവുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളും അതിമനോഹരമായ രീതിയിൽ അദ്ദേഹം വിവരിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
കാലിഗ്രാഫിയിൽ കഴിവ് തെളിയിച്ച ഫിർദൗസ അനന്ത്നാഗ് ജില്ലയിലെ കെഹ്രിബാലിൽ നിന്നുള്ള പെൺകുട്ടിയാണ്. ഒരിക്കൽ ഒരു യൂട്യൂബ് വീഡിയോ കണ്ടതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫിർദൗസ് കാലിഗ്രാഫിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. ആദ്യമൊന്നും കുടുംബം പിന്തുണച്ചിരുന്നില്ല. എന്നാൽ ഇന്ന് തന്നെയോർത്ത് കുടുംബത്തിന് അഭിമാനമാണുള്ളതെന്ന് ഫിർദൗസ പറയുന്നു. കാലിഗ്രാഫിയിൽ പേരുകേട്ട കലാകാരിയായി മാറണമെന്നാണ് ഫിർദൗസയുടെ ആഗ്രഹം.