തിരുവന്തപുരം: എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തില്‍ പൊതുമരാമത്ത് വകുപ്പിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വൈദ്യുതി മുടക്കത്തിലെ വീഴ്ചയില്‍ ന്യായീകരണമില്ലെന്ന് കടകംപള്ളി പറഞ്ഞു. വൈദ്യുതി വകുപ്പ് സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു വിമര്‍ശനം.
എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവം യാദൃശ്ചികമല്ല, ശ്രദ്ധയില്ലായ്മയാണ്. കൈകാര്യം ചെയ്യുന്ന ഇടം ഏതാണെന്ന് ഗൗരവത്തില്‍ മനസിലാക്കിയില്ല. ബന്ധപ്പെട്ട വകുപ്പിനോ വൈദ്യുതി ബോര്‍ഡിനോ ആരോഗ്യവകുപ്പിനോ ഇതിന് കഴിഞ്ഞില്ലെന്നും കടകംപള്ളി വിമര്‍ശിച്ചു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെയായിരുന്നു എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയത്. മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതായതോടെ രോഗികളും കൂട്ടിരുപ്പുകാരും വലഞ്ഞിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജനറേറ്റര്‍ എത്തിച്ചാണ് വൈദ്യുതി പുനസ്ഥാപിച്ചത്. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.