എംബിഎ ബിരുദധാരിയുടെ തലയിലുദിച്ച ‘ബുദ്ധി’; അനധികൃത വൃക്കമാറ്റിവെയ്ക്കൽ സംഘത്തെ പിടികൂടി പൊലീസ്

0

ന്യൂഡൽഹി: അനധികൃതമായി വൃക്കമാറ്റിവെയ്ക്കൽ റാക്കറ്റ് നടത്തുന്ന സംഘത്തെ പിടികൂടി പൊലീസ്. ആറ് വർഷം നീണ്ട ഓപ്പറേഷന് ഒടുവിലാണ് പൊലീസ് സംഘത്തെ പിടികൂടിയത്. നിരവധി ട്രാൻസ്പ്ലാന്റേഷനുകളാണ് എട്ടം​ഗ സംഘം നടത്തിയത്. മുമ്പ് മറ്റ് കേസുകളിൽ പ്രതി ചേർക്കപ്പെടാത്ത, എംബിഎ ബി​രുദധാരിയും മിക്ക ആശുപത്രികളിലേയും വൃക്ക മാറ്റിവയ്ക്കൽ കോർഡിനേറ്ററായി പ്രവർത്തിക്കുന്നയാളുമാണ് സംഘത്തലവന്‍. 39കാരനായ സന്ദീപ് ആര്യക്ക് കീഴിലുള്ള സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡൽഹി, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ വിവിധ വകുപ്പുകളിലായി പ്രവർത്തിച്ച ശേഷമാണ് സംഘം കൃത്യം നടത്തിയത്. ആശുപത്രി സേവന കാലയളവിൽ വൃക്ക ദാനം ചെയ്യാൻ താത്പര്യമുള്ളവരെ കണ്ടെത്തുകയും അവരുമായി അടുത്ത സൗഹൃദം സ്ഥാപിക്കുകയും ചെയ്യും. ഇത്തരത്തിൽ പത്ത് കോടി രൂപയുടെ 34 വൃക്ക മാറ്റിവെയ്ക്കലിനുള്ള നീക്കമാണ് സംഘം നടത്തിയത്.

വൃക്ക മാറ്റിവെക്കലുമായി ബന്ധപ്പെട്ട് ആര്യയെ സമീപിച്ച ഉപഭോക്താവിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സംഘത്തെ പിടികൂടിയത്. ഭർത്താവിൽ നിന്നും സംഘം 35 ലക്ഷം രൂപ കൈപ്പറ്റിയെന്നും ശസ്ത്രക്രിയ നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടി സീമ ഭാസിൻ എന്ന യുവതിയാണ് പരാതി നൽകിയത്. ശസ്ത്രക്രിയ നടക്കാതിരുന്നതിനാൽ രോ​ഗം മൂർച്ഛിച്ച് സീമയുടെ ഭർത്താവ് 2023 ഡിസംബർ 23ന് മരണപ്പെട്ടിരുന്നു.

35 മുതൽ 40 ലക്ഷം വരെയാണ് സംഘം ഒരു ശസ്ത്രക്രിയക്കായി ഈടാക്കുന്നത്. പിന്നാലെ ഏഴ് ലക്ഷം രൂപ വീതം ഓരോരുത്തർക്കും നൽകും.

പഠനകാലത്തും ആര്യ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിരുന്നുവെന്നും എന്നാൽ വൃക്ക മാറ്റിവെയ്ക്കൽ കോർഡിനേറ്ററായി പ്രവർ‌ത്തിക്കുന്നത് സാമൂഹിക സേവനത്തിന്റെ ഭാ​ഗമായിരിക്കുമെന്ന് കരുതിയെന്നും സുഹൃത്തിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply