പദ്ധതികളുടെ കരാർ തട്ടിക്കൂട്ട് കമ്പനികൾക്ക് കൈമാറി, അതിന് കൂട്ടുനിന്നത് കളക്ടർ; പിപി ദിവ്യക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണം: ബിജെപി ജില്ലാ പ്രസിഡന്റ്

0

കണ്ണൂർ: പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് നല്‍കിയ പ്രവൃത്തികളുടെ കരാറുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്. ദിവ്യയുടെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് കളക്ടർ അരുൺ കെ വിജയൻ കൂട്ടുനിന്നുവെന്നും കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്നും ഹരിദാസ് പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ നിർമാണ പ്രവൃത്തികൾ പി പി ദിവ്യ തട്ടിക്കൂട്ട് കമ്പനിയ്‌ക്ക് നൽകി. ഇതിൽ ജില്ലാ കളക്ടർക്കും പങ്കുണ്ട്. ദിവ്യ സമ്മർദ്ദം ചെലുത്തിയത് കൊണ്ടാകാം കളക്ടർ ഇതിൽ ഇടപെട്ടത്. വിജിലൻസ് സിഐ വിനു മോഹന്റെ സഹോദരൻ ഈ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാണ്.

വിനു മോഹന്‍ എന്ന വിജിലന്‍സ് സിഐ, കേസ് അന്വേഷിച്ചാല്‍ നിലവിലുള്ള അന്വേഷണം കൃത്യമാവില്ല. അതുകൊണ്ട് തന്നെ കേസ് പൊലീസിന് പുറമെ ഒരു ഏജൻസി കൂടി അന്വേഷിക്കണമെന്നും തിങ്കളാഴ്‌ച കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും എൻ ഹരിദാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഹൈക്കോടതി പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി ഈ മാസം 29-ന് വിധി പറയാൻ മാറ്റിയിരുന്നു. ഹർജിയിൽ വാദ പ്രതിവാദങ്ങൾ കേട്ട ശേഷം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് വിധി പറയാൻ മാറ്റിയത്. ദിവ്യ നടത്തിയ വ്യക്തിഹത്യയെ തുടർന്നാണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്നും പ്രാദേശിക മാദ്ധ്യമങ്ങളെ വിളിച്ച് പ്രസംഗം ചിത്രീകരിക്കാൻ പറഞ്ഞത് ആസൂത്രിതമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.

Leave a Reply