ഇന്ത്യയോട് മുട്ടാൻ പാകിസ്താനെ വീഴ്‌ത്തിയ ശൗര്യം പോരാ; രണ്ടാം മത്സരത്തിലും ജയം, ബംഗ്ലാദേശിനെതിരെ ടി20 പരമ്പര

0

കടവുകളെ എറി‍ഞ്ഞൊതുക്കി കൂട്ടിലാക്കി രണ്ടാം ജയവുമായി പരമ്പര നേടി സൂര്യകുമാർ യാദവിന്റെ ടീം ഇന്ത്യ. പാകിസ്താനെ വീഴ്‌ത്തിയ ശൗര്യവുമായെത്തിയ ബം​ഗ്ലാദേശിനെ ഇന്ത്യൻ ടീം തല്ലിയൊതുക്കുകയായിരുന്നു. 222 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബം​ഗ്ലാദേശിന് ഒരു ഘട്ടത്തിൽപ്പോലും ഇന്ത്യയെ വെല്ലുവിളിക്കാനായില്ല. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ അവർക്ക് കഴിഞ്ഞുള്ളു. ഇന്ത്യക്ക് 86 റൺസിന്റെ വമ്പൻ ജയം.

മൂന്നാം ഓവറിൽ പർവേസ് ഹൊസൈനെ(16) മടക്കി അർഷദീപാണ് ആദ്യ കുറ്റി തെറിപ്പിച്ചത്. അഞ്ചാം ഓവറിൽ ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്‍റോയെ(11) വീഴ്‌ത്തി വാഷിം​ഗ്ടൺ സുന്ദർ ആദ്യ വിക്കറ്റ് സ്വന്തമാക്കി.ലിറ്റൺ ദാസിന്റെ (14) കുറ്റി തെറിപ്പിച്ച് വരുൺ ചക്രവർത്തി ഇന്ത്യക്ക് മേൽക്കൈ നൽകി. തൗഹിദ് ഹൃദോയി(2) അഭിഷേക് ശർമയ്‌ക്ക് വിക്കറ്റ് നൽകിയതോടെ ബം​ഗ്ലാദേശ് 4ന് 46 എന്ന നിലയിലേക്ക് വീണു.

16 റൺസെടുത്ത മെഹിദി ഹസൻ മിറാസിനെ പരാ​ഗ് കൂടാരം കയറ്റി കൂട്ടുക്കെട്ട് പാെളിച്ചു. ജാക്കർ അലി(1),റിഷാദ് ഹൊസൈൻ(9) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ഇന്ത്യക്കായി പാർട് ടൈമർമാരടക്കം ഏഴ് ബൗളർമാർക്കാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അവസരം നൽകിയത്. ഏഴുപേരും വിക്കറ്റ് സ്വന്തമാക്കി. വരുൺ ചക്രവർത്തിക്കും നിതീഷ് കുമാർ റെഡ്ഡിക്കും രണ്ടുവിക്കറ്റ് വീതം ലഭിച്ചു. നിതീഷ് ആണ് കളിയിലെ താരം.

ആദ്യ ഇന്നിം​ഗ്സിൽ നിശ്ചിത ഓവറിൽ 9 വിക്കറ്റിൽ 221 റൺസാണ് ഇന്ത്യ അടിച്ചൂക്കൂട്ടിയത്. തുടക്കത്തിലെ തകർച്ച അതിജീവിച്ച ആതിഥേയർ പിന്നീട് ബം​ഗ്ലാദേശ് ബൗളർമാരെ തല്ലിയൊതുക്കുകയായിരുന്നു. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയുടെ കന്നി അർദ്ധസെഞ്ചുറിയാണ് (34 പന്തിൽ 74 ) ഇന്ത്യക്ക് കരുത്തായത്. 26 പന്തിൽ അർദ്ധശതകം നേടി റിങ്കുവും മികച്ച പ്രകടനം നടത്തി.

Leave a Reply