ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലായിരുന്നു സംഭവം. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടമുണ്ടായത്. ബസ്ര ഗ്രാമത്തില്‍ നിന്ന് ഗുനിയാല്‍ഗാവിലേക്ക് പോവുകയായിരുന്നു സംഘം. പെട്ടെന്ന് എത്തുന്നതിനായി ഡ്രൈവര്‍ പ്രധാന വഴിയില്‍ നിന്ന് മാറി അധികം പരിചയമില്ലാത്ത ഇടവഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. യാത്രക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പൊലീസും ദുരന്തനിവാരണ സേനാംഗങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തില്‍ നിന്ന് പുറത്തെടുത്തവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേരെ രക്ഷിക്കാനായില്ല. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. പരിക്കേറ്റ 10 പേര്‍ ചികിത്സയില്‍ കഴിയുകയാണ്.