തിരുവനന്തപുരം: പൂരം കലക്കലില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. വിഷയത്തില്‍ ജനങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ പ്രതികൂട്ടിലാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. പൂരം കലക്കി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗുഢാലോചന നടന്നിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
‘പൂരപറമ്പില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ രക്ഷകനായി, ആക്ഷന്‍ ഹീറോയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചു. സംഘര്‍ഷം നടക്കുന്നിടത്തേക്ക് പോകാന്‍ മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവിനും മറ്റ് അംഗങ്ങള്‍ക്കും കിട്ടാത്ത സൗകര്യം എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കിട്ടി. പൊലീസ് സഹായിക്കാതെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ആംബുലന്‍സില്‍ എത്താകാനാകില്ല. എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉത്തരവ് നല്‍കാതെ പൊലീസ് അനുമതി നല്‍കുമോ?’, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. പൂരം കലക്കലുമായി ഉണ്ടായ എട്ട് വീഴ്ച്ചകള്‍ ചൂണ്ടികാട്ടിയാണ് തിരുവഞ്ചൂരിന്റെ വിമര്‍ശനം.
കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പിന് ഗതാഗതക്രമീകരണം ഉണ്ടായില്ല. ആദ്യത്തെ വീഴ്ച്ചയാണിത്. സ്വരാജ് ഗ്രൗണ്ടിലെ എല്ലാ വഴികളും സാധാരണ തടയാറുണ്ട്. ഇത്തവണ നടപടിയുണ്ടായി. വാഹനങ്ങള്‍ക്കിടയിലൂടെ പെടാപ്പാട് പെട്ടാണ് എഴുന്നള്ളിപ്പ് കടന്നുപോയത്. തെക്കേ ഗോപുരം വഴി അകത്ത് കടന്നപ്പോഴാണ് അടുത്ത പരീക്ഷണം. ബാരിക്കേഡ് നിറഞ്ഞ് ആനയ്ക്ക് കടന്നുപോകാന്‍ കഴിഞ്ഞില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നേതൃത്വം ഇടപെട്ടാണ് ബാരിക്കേഡ് നീക്കിയത്. പൊതുജനങ്ങളെ നേരിടുന്നതിലാണ് അടുത്ത വീഴ്ച്ച. ജനത്തെ രണ്ടായി തരംതിരിക്കും. പോസിറ്റീവ് ക്രൗഡും ആക്ടീവ് ക്രൗഡും. പൂരപ്പറമ്പിലേത് പോസിറ്റീവ് ക്രൗഡ് ആണ്. പൊലീസ് സാന്നിധ്യം ഉണ്ടായാല്‍ അവര്‍ അനുസരണയോടെ നീങ്ങും. ഇത്തവണത്തെ പൂരത്തിന് സാധാരണ ജനക്കൂട്ടത്തെ ശത്രുവിനെ പോലെ കണ്ട് കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. അനുഭവപരിചയം ഇല്ലാത്ത ആളിനെ സര്‍ക്കാര്‍ സിറ്റി പൊലീസ് കമ്മീഷണറായി വെച്ചു. വളരെ ലാഘവ ബുദ്ധിയോടെ കണക്കുക്കൂട്ടലില്ലാതെ കാര്യങ്ങള്‍ നീക്കി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാരാണ് സഹായികളായി നില്‍ക്കുന്നവര്‍. അത്തരം ഉദ്യോഗസ്ഥര്‍ റിംഗ് റൗണ്ടില്‍ ഉണ്ടായില്ല. എണ്ണ കൊണ്ടുപോയ ജീവനക്കാരെയും ആനയ്ക്ക് പട്ടകൊടുക്കാന്‍ പോയവരെയും തടഞ്ഞു. ബോധര്‍പൂര്‍വ്വം പൂരം കലക്കുന്നതിന് വേണ്ടിയാണ് ശ്രമം നടത്തിയത്. രാത്രിയില്‍ പൊലീസ് അതിക്രമം ഇരട്ടിയായി. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് ബാരിക്കേഡ് വെച്ചുതടഞ്ഞു. ആനയ്ക്ക് കടന്നുപോകാന്‍ മാത്രമുള്ള ഒഴിവാണ് വെച്ചത്. തിരുവമ്പാടിക്കാര്‍ പൂരത്തില്‍ നിന്നും പിന്മാറി. പന്തലില്‍ വെളിച്ചം ഓഫ് ആക്കി. വെടിക്കെട്ട് ഇല്ലെന്ന് അറിയിച്ചതോടെ തിരുവമ്പാടിക്കാതെ അനുനയിപ്പിക്കാന്‍ കളക്ടര്‍ എത്തേണ്ടി വന്നു. തിരുവമ്പാടി-പാറമേക്കാവ് ചര്‍ച്ചയ്‌ക്കൊടുവില്‍ പുലര്‍ച്ചെ അഞ്ച് മണിക്കാണ് വെടിക്കെട്ട് ഉണ്ടെന്ന് പ്രഖ്യാപിച്ചത്’ തിരുവഞ്ചൂര്‍ ചൂണ്ടികാട്ടി.
പൂരം കലക്കുന്നതിന് മുന്നില്‍ നിന്നത് എഡിജിപി അജിത് കുമാറാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വഴിവെട്ടികൊടുക്കുന്നതിന് വേണ്ടിയാണ് എഡിജിപി ശ്രമിച്ചതെന്ന് ഭരണകക്ഷിയിലെ എംഎല്‍എ പറഞ്ഞത് ഓര്‍മ്മിക്കുകയാണ്. അങ്കിത് അശോകന്‍ ജൂനിയര്‍ ഓഫീസറാണ്. അദ്ദേഹത്തിന് പൂരം നടത്താന്‍ കഴിയുമോ. വലിയ മീനുകള്‍ രക്ഷപ്പെടുന്നത് അംഗീകരിക്കാനാവില്ല. അങ്കിത് അശോകന്‍ സ്വന്തം നിലയ്ക്ക് പൂരം കലക്കാന്‍ ശ്രമിച്ചുവെന്ന് വിശ്വസിക്കാന്‍ മാത്രം വിഢികളാണോ കേരളത്തിലെ ജനങ്ങളെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
പൂരം കലക്കലിന് പിന്നില്‍ രഹസ്യഅജണ്ട ഉണ്ടായിരുന്നു. കെ രാജനും ആര്‍ ബിന്ദുവിനും സംഭവസ്ഥലത്ത് പോലും എത്താന്‍ കഴിഞ്ഞില്ല. തേരില്‍ എഴുന്നള്ളിക്കും പോലെ സുരേഷ് ഗോപിയെ അവിടേക്ക് എത്തിച്ചു. അദ്ദേഹം രോഗി വല്ലതും ആണോ. സുരേഷ് ഗോപി പൂര രക്ഷകന്‍ ആണെന്ന് വരുത്താന്‍ ശ്രമിച്ചു. ആ ആംബുലന്‍സ് സേവാഭാരതി നിയന്ത്രണത്തിലുള്ളതാണ്. പൊലീസിന്റെ അനുമതിയില്ലാതെ ഒരു ആംബുലന്‍സിന് എത്താന്‍ കഴിയില്ല. മനപൂര്‍വ്വം ചെയ്തതാണ്. ഞങ്ങള്‍ക്കുള്ള വോട്ട് കുറഞ്ഞു. പൂര സ്‌നേഹികളുടെ വോട്ടാണ് കുറഞ്ഞത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുനില്‍ കുമാറിന് നല്‍കാത്ത പ്രാധാന്യം സുരേഷ് ഗോപിക്ക് നല്‍കി. ലക്ഷ്യം നേടിയെന്ന ചിന്ത എല്‍ഡിഎഫിനുണ്ടായി. പൂരം കലക്കല്‍ റിപ്പോര്‍ട്ട് കിട്ടാന്‍ അഞ്ച് മാസം എടുത്തു. റിപ്പോര്‍ട്ട് തയ്യാറാക്കിയത് പൂരം കലക്കിയ അതേ അജിത് കുമാര്‍. തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണ് തയ്യാറാക്കിയതെന്നും തിരുവഞ്ചൂര്‍ അടിയന്തര പ്രമേയ ചർച്ചക്കിടെ പറഞ്ഞു.