കോഴിക്കോട് : സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപ്പിച്ചെന്ന പരാതിയില്‍ അര്‍ജുന്റെ കുടുംബത്തിന്റെ മൊഴിയെടുത്തു. മെഡിക്കല്‍ കോളേജ് എസിപി ഉമേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു മൊഴിയെടുപ്പ്.
പരാതിയില്‍ മനാഫിനെ ഉടന്‍ ചോദ്യം ചെയ്യും. കുടുംബത്തിന്റെ പരാതിയില്‍ മനാഫിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് അര്‍ജുന്റെ സഹോദരി അഞ്ജു സൈബര്‍ ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
വൈകാരികതയെ ചിലര്‍ ചൂഷണം ചെയ്യുന്നുവെന്നും, സമൂഹ മാധ്യമങ്ങളില്‍ സൈബര്‍ അറ്റാക്ക് നേരിടുന്നുവെന്നും ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അര്‍ജുന്റെ കുടുംബം ഉന്നയിച്ചിരുന്നു.
ഷിരൂരിലെ തെരച്ചില്‍ സമയത്ത് കുടുംബത്തിന്റെ വൈകാരികത മുതലെടുത്ത് അപകീര്‍ത്തിപ്പെടുത്തിയെന്നതാണ് മനാഫിനെതിരെയുള്ള മുഖ്യ ആരോപണം. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
എന്നാല്‍, കുടുംബത്തെ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നുമായിരുന്നു മനാഫിന്റെ പ്രതികരണം.