ജിംനാസ്റ്റിക്സിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വനിതാ താരം ദീപ കർമാക്കർ. ഇന്ത്യയുടെ ആദ്യ വനിതാ ഒളിമ്പ്യൻ ജിംനാസ്റ്റാണ് 31-കാരിയായ ദീപ. എക്സ് പോസ്റ്റിലാണ് താരം അപ്രതീക്ഷിത തീരുമാനം അറിയിച്ചത്. “ഒരുപാട് ആലോചനകൾക്കൊടുവിൽ ജിംനാസ്റ്റിക്സിൽ നിന്ന് വിരമിക്കാൻ ഞാൻ തീരുമാനിച്ചു. അത് ഒരിക്കലും എളുപ്പമായിരുന്നില്ല പക്ഷേ ഇതാണ് ശരിയായ സമയം.
എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമാണ് ജിംനാസ്റ്റിക്സ്. കയറ്റമോ ഇറക്കമോ ആയാലും, ജീവിതത്തിലെ ഓരോ നിമിഷത്തിനും ഞാൻ നന്ദിയുള്ളവളാണ്. മാറ്റിൽ നിന്ന് സൈൻ ഓഫ് ചെയ്യുന്നു. എന്റെ യാത്രയിൽ ഭാഗമായതിന് ഏവർക്കും നന്ദി. ഇനി പുതിയൊരു അദ്ധ്യായത്തിലേക്ക്”— കർമാക്കർ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
ജിംനാസ്റ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ വനിതാ താരമാണ് ദീപാ കർമാക്കർ. 2016 റിയോയിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു. 2014 കോമൺവെൽത്തിൽ വെങ്കലം,ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെങ്കലം നേടി.
കൂടാതെ 2018 ലെ FIG വേൾഡ് ചലഞ്ച് കപ്പിൽ സ്വർണം നേടി. ഒരു ആഗോള ഇവൻ്റിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ജിംനാസ്റ്റായി ചരിത്രം സൃഷ്ടിച്ചു . രാജ്യം മേജർ ധ്യാൻചന്ദ് ഖേൽരത്‌നയും പദ്മശ്രീയും നൽകി ആദരിച്ചു. 2022ൽ ഏഷ്യൻ ജിംനാസ്റ്റിക് ചാമ്പ്യൻ ഷിപ്പിലായിരുന്നു താരത്തിന്റെ അവസാന വിജയം.