കൊല്ലം: പതിനേഴ് പവൻ സ്വർണം കവർന്ന കേസില്‍ ഇൻസ്റ്റഗ്രാം റീല്‍സ് താരം അറസ്റ്റില്‍. ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്ന് മോഷണം നടത്തിയ ഇൻസ്റ്റഗ്രാം താരം കൂടിയായ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബറില്‍ മുബീനയുടെ ഭർതൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ നിന്ന് ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവ കാണാതായിരുന്നു. എന്നാല്‍ സ്വര്‍ണം മോഷണം പോയ വിവരം മുനീറ അറിഞ്ഞത് ഒക്ടോബര്‍ പത്തിനായിരുന്നു.
തുടർന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണത്തില്‍ മുബീനയെ സംശയിക്കുന്നതായും മുനീറ പോലീസിനോട് പറഞ്ഞിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരിയില്‍ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ മറ്റൊരു മോഷണ പരാതി ചിതറ സ്റ്റേഷനില്‍ തന്നെ നല്‍കിയിരുന്നു. ആ പരാതിയിലും മുബീനയെ സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ പുതിയ ഒരു പരാതി ഭർതൃ സഹോദരി നല്‍കിയത്.