തിരുവനന്തപുരം: മദ്യക്കുപ്പികളില്‍ സുരക്ഷ ഉറപ്പാക്കാൻ ഫെബ്രുവരിമുതല്‍ ക്യു.ആർ. കോഡ് നിർബന്ധമാക്കാൻ ബെവറജസ് കോർപ്പറേഷൻ.
ഒരോ മദ്യക്കുപ്പിയും തിരിച്ചറിയാൻ കഴിയുന്ന വിധത്തില്‍ ക്യു.ആർ. കോഡ് പതിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. നിർമാണ വേളയില്‍ ഡിസ്റ്റിലറികളില്‍നിന്നാണ് പതിക്കേണ്ടത്.
പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സ് മാത്രമാണ് ക്യു.ആർ.കോഡ് സജ്ജീകരിച്ചിട്ടുള്ളത്.
തിരുവല്ല ഫാക്ടറിയില്‍ ഇത് സജ്ജീകരിക്കാൻ ഒരു കോടി രൂപ ചെലവായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവല്ല, നെടുമങ്ങാട് ഗോഡൗണുകളിലേക്ക് ക്യു.ആർ. കോഡ് പതിച്ച മദ്യം നല്‍കുന്നുണ്ട്.
ബെവറജസ് കോർപ്പറേഷന്റെ ഹോളോഗ്രാം പതിച്ച സുരക്ഷാ ലേബലാണ് ഇപ്പോള്‍ കുപ്പികളില്‍ പതിക്കുന്നത്. കൂടുതല്‍ സുരക്ഷിതത്വത്തിന് പുറമേ ലേബല്‍ പതിക്കുന്നതിലെ കാലതാമസവും അധികജോലിയും ഒഴിവാക്കാനാകുമെന്നതാണ് ക്യു.ആർ. കോഡ് സംവിധാനത്തിന്റെ നേട്ടം.